തിരുവാർപ്പ് : കുതിച്ചെത്തുന്ന കിഴക്കൻ വെള്ളം കണ്ട് ആധിയിലാണ് പടിഞ്ഞാറൻ ജനത. തിരുവാർപ്പ്‌, കുമരകം പ‌ഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീതിയിലാണ്. തിരുവാർപ്പ് പ‌ഞ്ചായത്തിൽ ഉൾപ്പെട്ട മാധവശേരി, താമരശേരി, അംബേദ്കർ കോളനിയിൽ പ്രതിസന്ധി രൂക്ഷമാണ്. താഴ്ന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും വെള്ളം കയറും. ഗർഭിണികളെയും വൃദ്ധരെയും ബന്ധുവീടുകളിലേക്ക് അയച്ച് ചിലർ ക്യാമ്പുകളിലേക്ക് മാറുമ്പോൾ മറ്റു ചിലർ വീട് വിട്ടുപോകാൻ മനസ് വരാതെ വെള്ളത്തിൽ തന്നെ കഴിയുന്നു.

വീട് വെള്ളത്തിൽ, മൃതദേഹം റോഡിൽ

വീടിന്റെ പകുതിയും വെള്ളത്തിലായതോടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് റോഡിൽ. തിരുവാർപ്പ് പഞ്ചായത്ത്‌ 17-ാം വാർഡിലെ തുമ്പേക്കളം ഇല്ലമ്പള്ളി വീട്ടിൽ തമ്പിയുടെ മൃതദേഹമാണ് റോഡിൽ കെട്ടിയ താത്കാലിക ഷെഡിൽ പൊതുദർശനത്തിന് വെച്ചത്. അയ്യമ്മാത്ര - തുമ്പേക്കളം റോഡിൽ വെള്ളം ഉയർന്നതോടെ പ്രദേശവാസികളെല്ലാം വലിയ ദുരിതത്തിലാണ്.

വള്ളം തന്നെ ശരണം

തിരുവാർപ്പിലെ 15-ാം വാർഡിലുള്ള പല വീടുകളിലും സ്വന്തമായി വള്ളമുണ്ട്. പ്രളയത്തിന് മുൻപ് തന്നെ വെള്ളം കയറുന്ന സ്ഥലമാണിതെന്ന് പരിസരവാസിയായ വിജേഷ് പറയുന്നു. കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ വീടുകളിലെല്ലാം വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ ദൂരെയായതിനാൽ വീടുകളിൽ തന്നെ കഴിയുകയാണ് പലരും. എഴുപത് പിന്നിട്ട സദാനന്ദൻ അവശ്യസാധനങ്ങൾ എല്ലാം വാങ്ങാൻ പോകുന്നത് വള്ളത്തിൽ തന്നെ. വീടിന് ചുറ്റും നാലടി ഉയരത്തിൽ വെള്ളമായി. രോഗിയായ ഭാര്യയ്ക്കും മക്കൾക്കും വളർത്തുമൃഗങ്ങൾക്കുമൊപ്പം വീട്ടിൽ തന്നെ കഴിയുകയാണ് ഇദ്ദേഹം. വെള്ളമുയർന്നാൽ തീരാദുരിതത്തിന്റെ നിലയില്ലാക്കയത്തിലാകുമെന്ന് സദാനന്ദൻ ഭീതിയോടെ പറയുന്നു.

എല്ലാ വർഷവും ക്യാമ്പിൽ

തുടർച്ചയായ നാലാം വർഷവും വീട് വിട്ട് ക്യാമ്പിലേക്ക് മാറിക്കഴിയേണ്ട അവസ്ഥ വിവരിക്കുകയാണ് 72 കാരിയായ ശാന്തമ്മ. മഴ തോരാതെ പെയ്യുമ്പോൾ ഹൃദ്രോഗിയായ ശാന്തമ്മയ്ക്ക് ആധിയേറും. തിരിച്ചുചെല്ലുമ്പോൾ വീട്ടിനുള്ളിൽ ഇഴജന്തുക്കൾ ഉണ്ടാകുമെന്ന ഭീതി. ഈ ദുരിതത്തിന് അവസാനമില്ലേ എന്ന ചോദ്യമാണ് തിരുവാർപ്പ് ഗവ. യു.പി സ്കൂളിലെ ക്യാമ്പിൽ നിന്നും ഉയരുന്നത്. മാധവശേരി, കാഞ്ഞിരം കോളനിയിലെ 35 പേർ ഇപ്പോൾ ഈ ക്യാമ്പിലുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തങ്ങൾക്ക് ആവശ്യമായതെല്ലാം എത്തിച്ച് തരുന്നുണ്ടെന്ന് അവർ പറയുന്നു.