fever

കോട്ടയം . എലിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. വെള്ളക്കെട്ടുകളിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഒരുപ്രാവശ്യം മാത്രം സമ്പർക്കം ഉണ്ടായവർ ആഴ്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിൻ ഗുളിക വീതം രണ്ട് ആഴ്ച മുൻകരുതലായി കഴിക്കണം. എലിപ്പനി ബാധിച്ചാലും രോഗം ഗുരുതരമാകാതിരിക്കാൻ ഇതു സഹായിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെ നിരന്തര സമ്പർക്കം ഉണ്ടായവരും പ്രദേശവാസികളും സമ്പർക്കം നീണ്ടുനിൽക്കുന്ന എല്ലാ ആഴ്ചകളിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം.

ശരീരത്തിൽ മുറിവോ വ്രണങ്ങളോ ഉള്ളവർക്ക് ഇത്തരം സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ദിവസേന രണ്ടു നേരം 100 മില്ലി ഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചു ദിവസം തുടർച്ചയായി കഴിക്കണം. തുടർന്നുള്ള ആഴ്ച്ചകളിൽ മലിനജല സമ്പർക്കം ഉണ്ടാകുന്നുവെങ്കിൽ ഇവർ ആഴ്ചയിലൊരിക്കൽ രണ്ടുഗുളിക വീതം തുടർന്നും കഴിക്കേണ്ടതുണ്ട്.

രണ്ടു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് കിലോഗ്രാം തൂക്കത്തിന് നാലു മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ചയിലൊരിക്കലാണ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകേണ്ടത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ വഴിയും ഗുളിക സൗജന്യമായി ലഭിക്കും. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കഴിക്കാൻ പാടില്ല. പകരം ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം അമോക്‌സിസിലിൻ എന്ന മരുന്ന് കഴിക്കേണ്ടതാണ്.


കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കണം.

വെള്ളപ്പൊക്കത്തെതുടർന്ന് കുടിവെള്ള സ്രോതസുകൾ സെപ്ടിക് ടാങ്കുകളിലെ മാലിന്യം ഉൾപ്പെടെ കലർന്ന് മലിനമായിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ അണുനശീകരണം നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
1000 ലിറ്ററിന് അഞ്ചു ഗ്രാം എന്ന കണക്കിന് ഗുണനിലവാരമുള്ള ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ വെള്ളം ഉപയോഗിക്കാവൂ. അണുനശീകരണം നടത്തിയാലും 20 മിനിട്ട് തിളപ്പിച്ചാറിയശേഷം മാത്രമേ കുടിക്കാനുപയോഗിക്കാവൂ.