kayal

കോട്ടയം. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറന്നിട്ടും വേമ്പനാട്ടുകായലിലൂടെ വെള്ളം കടലിലേക്ക് ഒഴുകാതെ അപ്പർകുട്ടനാട് പ്രളയഭീതിയിൽ. കടൽ വെള്ളംഎടുക്കാത്ത സ്ഥിതി തുടർന്നാൽ പ്രളയജലം കെട്ടിനിന്ന് ജനജീവിതം ദുരിതമാകും.

വേമ്പനാട്ട് കായലിൽ ഓരോ മഴക്കാലത്തും വന്നടിയുന്ന മണ്ണും ചെളിയും എക്കലും കോരിമാറ്റി ആഴം കൂട്ടുകയും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തോടുകളും നദികളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുകയും ചെയ്താൽ വെള്ളപ്പൊക്കം തടയാം. നിലവിൽ വേമ്പനാട്ട് കായലിൽ ഒഴുകി എത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് വഴിയാണ് കടലിൽ എത്തേണ്ടത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വേമ്പനാട്ട് കായലിൽ എത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് വഴി ഒഴുകി പോകാൻ കഴിയാതെ പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല ആറുകളിലും സമീപ തോടുകളും നിറഞ്ഞ് അപ്പർ കുട്ടനാട് ദിവസങ്ങളോളം മുങ്ങുന്ന സ്ഥിതിയാണിപ്പോൾ .

നദീ സംയോജനപദ്ധതി യാഥാർത്ഥ്യമായില്ല.

രണ്ടാം കുട്ടനാട് പാക്കേജിൽ വേമ്പനാട്ട് കായൽ നിരന്തരം ഡ്രഡ്ജിംഗ് നടത്തി മാലിന്യങ്ങൾ നീക്കി ഒഴുക്ക് ശക്തമാക്കണമെന്ന നിർദ്ദേശം നടപ്പായില്ല. കായലിൽ എക്കൽ അടിഞ്ഞ് ആഴം കുറവായതോടെ കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. മീനച്ചിൽ- മീനന്തലയാർ-കൊടൂരാർ സംയോജനപദ്ധതി വഴി പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യവും യാഥാർത്ഥ്യമായില്ല. നദികളിൽ ആഴംകൂട്ടി ഒഴുക്കുണ്ടാക്കാനുള്ള ശ്രമവും പാതിവഴിയിൽ നിൽക്കുന്നു. വേമ്പനാട്ട് കായൽ മുഖങ്ങളായ പഴുക്കാനിലം, വെട്ടിക്കാട്ട്മുക്ക് എന്നിവിടങ്ങളിൽ ആഴംകൂട്ടിയിട്ടില്ല. എന്നാൽ മീനച്ചിലാറിന്റെ ചില ഭാഗങ്ങളിൽ ആഴം കൂടി. ഇക്കാരണത്താൽ വെള്ളം കായലിലേക്ക് ഒഴുകാതെ പരന്നൊഴുകുന്നത് താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിരം വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്.

ഗവേഷകനായ ഡോ.കെ.ജി പത്മകുമാർ പറയുന്നു .

വേമ്പനാട്ടുകായലിലേയ്ക്ക് വെള്ളം ഒഴുകിയെത്തുന്ന നദികളിൽ ഒഴുക്ക് സുഗമമാക്കണം. സ്ഥിരമായി ഡ്രഡ്ജിംഗ് നടത്തി ആറുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഉൾകൊള്ളാവുന്ന അവസ്ഥയിൽ വേമ്പനാട്ടു കായലിനെ ശുദ്ധീകരിക്കുകയും വേണം. ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളി മുതൽ അരുർ വരെയുള്ള സ്ഥലങ്ങളിൽ ചെറുതും വലുതുമായ നിരവധി തോടുകൾ കടലുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയുടെ ആഴം കൂട്ടണം. ഈ തോടുകൾ വഴി വേമ്പനാട്ട് കായലിലെ വെള്ളം കടലിൽ എത്തിച്ച് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും വെള്ളപ്പൊക്കം തടയാം. ഈ തോടുകളിൽ കടലിൽ ചേരുന്നഭാഗത്തു ഷട്ടറുകൾ സ്ഥാപിച്ചു ഉപ്പ് വെള്ളം കയറുന്നതും ഒഴിവാക്കാം.