ഞീഴൂർ: അടച്ചുപൂട്ടിയ പഞ്ചായത്ത് പൊതു ശ്മശാനം ഒടുവിൽ തുറന്നു. 29 ലക്ഷം രൂപ മുടക്കി നവീകരിച്ച ശ്മശാനം അടച്ചുപൂട്ടിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. ശ്മശാനം തുറക്കാത്തതിനാൽ പഞ്ചായത്ത് പരിധിയിലെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സമീപ പഞ്ചായത്തുകളുടെ സഹായം വേണ്ടിവന്നിരുന്നു. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് നവീകരണം നടത്തിയത്. എന്നാൽ മൃതദേഹം സംസ്‌കരിക്കുന്ന വോൾട്ട് സംവിധാനത്തിനെതിരെ ചിലർ ജില്ല കളക്ടർക്ക് പരാതി നൽകിയതോടെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു ആരോഗ്യവകുപ്പ് നോട്ടീസ് നൽകുകയായിരുന്നു. നടപടി ക്രമം പാലിക്കാതെയാണ് ശ്മശാനത്തിൽ വോൾട്ട് സംവിധാനം സ്ഥാപിച്ചതെന്നും ഇത് തടയണമെന്നുമായിരുന്നു പരാതി. പരാതികൾ പരിഹരിച്ച് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തുടങ്ങിയതായി പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ അറിയിച്ചു.