
കോട്ടയം. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ടിനു ശമനമില്ല. കൂട്ടിക്കൽ, മുണ്ടക്കയം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും നാശനഷ്ടങ്ങളില്ല. മീനച്ചിലാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പ് കവിഞ്ഞു. ഇതോടെ പടിഞ്ഞാറമേഖലയിലേയ്ക്കുള്ള ജലമൊഴുക്ക് കൂടി. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലും, വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും ദുരിതത്തിലാണ്. പലയിടത്തും റോഡു ഗതാഗതം ദുസ്സഹമായി.
പാലായിലെ കൊട്ടാരമറ്റം, മൂന്നാനി, വളഞ്ഞങ്ങാനം, ഇടമറ്റം, മുത്തോലി, വെള്ളിയേപ്പള്ളി, പ്രദേശങ്ങളിൽ വൈകിട്ടോടെ ജലനിരപ്പ് ഉയർന്നു. പാലാ- ഈരാറ്റുപേട്ട ഹൈവേയിലെ മൂന്നാനി ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഭരണങ്ങാനം, വിളക്കുമാടം റോഡിലും വെള്ളക്കെട്ടുണ്ട്. തീക്കോയി ഭാഗത്ത് മീനച്ചിലാറിന്റെ ജലനിരപ്പ് അപകട മുന്നറിയിപ്പ് കടന്നു. ചേരിപ്പാട് ഭാഗത്തും ഇതാണ് അവസ്ഥ. ബുധനാഴ്ച രാത്രിയിലും ശക്തമായ മഴ പെയ്തു. കൂട്ടിക്കൽ കൊടുങ്ങയിൽ പ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മുണ്ടക്കയം വില്ലേജിൽ ഉൾപ്പെട്ട വെട്ടുകല്ലാം കുഴിയിൽ ഉണ്ടായ ഉരുൾപൊട്ടലിലും നാശനഷ്ടമില്ല. മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കാഞ്ഞിരപ്പള്ളി കോവിൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഗർത്തം. പഞ്ചായത്തിലെ 6 ഉം 8 ഉം വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
കരകവിഞ്ഞ് ഒഴുകി മൂഴിക്കൽ കോസ് വേ.
മുണ്ടക്കയം. അഴുതയാർ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് മൂഴിക്കൽ കോസ് വേ വെള്ളത്തിനടിയിലായി. മൂഴിക്കൽ- കോരുത്തോട് പതയിലൂടെയുള്ള ഗതാഗതവും നിലച്ചു. രാത്രിയിൽ തോരാതെ പെയ്ത മഴയെ തുടർന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അഴുതയാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. കോസ് വേ പാലത്തിൽ വെള്ളം കയറിയതോടെ മൂഴിക്കൽ,കുറ്റികുഴി, തെള്ളി തോട്, കുറ്റിക്കയം മേഖലയിലെ ജനങ്ങളുടെ യാത്ര ദുരിതത്തിലായി . പ്രദേശവാസികൾ 4 കിലോമീറ്റർ സഞ്ചരിച്ച് വേണം മറുകരയെത്താൻ. 2018ലെ പ്രളയത്തിൽ പ്രദേശവാസികൾ സഞ്ചാരത്തിനായി ആശ്രയിച്ചിരുന്ന തോപ്പിൽക്കടവ് പാലം ഒഴുകി പോയിരുന്നു. തുടർന്നാണ് ജനങ്ങൾ കോസ് വേ പാലത്തെ ആശ്രയിച്ചത്. എന്നാൽ കോസ് വേ പാലവും വെള്ളത്തിലായതതോടെ ഇരട്ടി ദുരിതമായി.
മുണ്ടക്കയത്ത് വീട് ഭാഗികമായി തകർന്നു.
മുണ്ടക്കയം. മുണ്ടക്കയം ചെളിക്കുഴി ലക്ഷംവീട് കോളനിയിൽ കോട്ടപറമ്പിൽ ഏലിയാമ്മ വർക്കിയുടെ വീട് ഭാഗികമായി തകർന്നു. രാത്രി 12 മണിയോടുകൂടിയായിരുന്നു അപകടം. വീടിന്റെ മൺകട്ട അടർന്ന് മുറിയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഏലിയാമ്മയുടെ മകൻ തോമസ് ജോർജ് എഴുന്നേൽക്കുകയും അമ്മയുമൊത്ത് പുറത്തിറങ്ങുകയുമായിരുന്നു. ഉടൻതന്നെ ഇവർ കിടന്നുറങ്ങിയ മുറി നിലം പതിച്ചു. അൻപതോളം വർഷം പഴക്കമുള്ള വീടുകളാണ് ലക്ഷംവീട് കോളനിയിൽ ഉള്ളത്. ഒരു വീട്ടിൽ രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇങ്ങനെ ഇരുപതോളം വീടുകളിലായി 40 ഓളം കുടുംബങ്ങളാണ് ഈ കോളനിയിൽ ഉള്ളത്. ഒട്ടുമിക്ക വീടുകളും ഏത് നിമിഷവും നിലംപൊത്താവുന്ന ദയനീയ അവസ്ഥയിലാണ്. അടിയന്തരമായി ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതയും, ലൈഫ് ഭവന പദ്ധതിയിൽ ഉടൻ വീട് നിർമ്മിച്ച നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു.