വൈക്കം: ആചാരനിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു.. പുലർച്ചെ വ്യഘ്രപാദത്തറയിൽ കതിർക്കറ്റകൾ സമർപ്പിച്ചു വിശേഷാൽ പൂജകൾ നടത്തി.
മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി , ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ, പാറോളി, ഉണ്ണികൃഷ്ണൻ, തയ്യിൽ വൈശാഖ്, കൊളായി അർജുൻ എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കതിർകറ്റകൾ നാലമ്പലത്തിലെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ആചാരപ്രകാരം ഓട്ട് ഉരുളിയിലാക്കിയ കതിർകറ്റകൾ മേൽശാന്തിയും സഹകാർമ്മികരും ശിരസ്സിലേറ്റി മണി കിലുക്കി പ്രദക്ഷിണമായി നാലമ്പലത്തിൽ പ്രവേശിച്ചു. ഇല്ലം നിറ, വല്ലം നിറ മന്ത്രങ്ങളോടെ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വൈക്കത്തപ്പന്റെ ശ്രീകോവിലിലും ഉപദേവതമാരുടെ നടയിലും സമർപ്പിച്ചു. ചടങ്ങിനോടനുബസിച്ച് പുന്നെല്ല് കൊണ്ടുള്ള നിവേദ്യവും നടന്നു. നിറയും പുത്തരിക്കും ആവശ്യമായ കതിർക്കറ്റകൾ ഇത്തവണ തമിഴ്നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ക്ഷേത്ര ഉപദേശക സമിതിയും തെക്കേനട ഓമന ആഗ്രി പാർക്ക് ഉടമ വൈക്കം പുല്ലംവേലിൽ ഓമന മുരളിധരനും നിറപുത്തരിക്കായി കതിർ കറ്റകൾ ക്ഷേത്ര നടയിൽ സമർപ്പിച്ചിരുന്നു.
ചടങ്ങുകൾക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി.കൃഷ്ണകുമാർ, അസി.കമ്മിഷണർ മുരാരി ബാബു, അഡ്മിനിസ്‌ടേറ്റിവ് ഓഫിസർ പി.അനിൽകുമാർ, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി പി. സന്തോഷ് , ബി.ഐ പ്രദീപ്കുമാർ എന്നിവർ നേതൃത്വം വഹിച്ചു.