പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി


പാലാ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ളാലം പഴയപാലത്തിന്റെ അടിത്തട്ടിലെ കൽക്കെട്ട് ഇടിഞ്ഞത് സംബന്ധിച്ച് പി.ഡബ്ലി.യു.ഡി (പാലങ്ങൾ) ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. പാലത്തിന്റെ സംരക്ഷണഭിത്തി ഇടിയുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് കോട്ടയത്ത് നിന്നും പി.ഡബ്ലി.യു.ഡി (പാലങ്ങൾ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

പാലത്തിന്റെ അറ്റത്ത് അപ്രോച്ച് റോഡിന് താഴെയായി കെട്ടിയ കല്ലുകളാണ് ഇടിഞ്ഞുവീണതെന്ന് പി.ഡബ്ലി.യു.ഡി കോട്ടയം എക്‌സി. എൻജിനീയർ സിസിലി പറഞ്ഞു. നിലവിൽ ഗുരുതരമായ സ്ഥിതിവിശേഷമല്ലെങ്കിലും ഈ ഭാഗം ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

ജലനിരപ്പ് താഴ്ന്നാൽ ഉടൻ ഈ ഭാഗം ബലപ്പെടുത്താനുള്ള പണികൾ ആരംഭിക്കും. കാലാവസ്ഥ അനുകൂലമായാൽ മൂന്നാഴ്ചകൊണ്ട് ഈ ഭാഗം ബലപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അതേസമയം ഭാരവാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ ഊർന്നുവീഴുന്നുണ്ടെന്നും കനത്തമഴയും കുത്തൊഴുക്കുമാണ് പാലത്തിന്റെ ഈ അപകടസ്ഥിതിക്ക് കാരണമെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പഴയ പാലത്തന്റെ കിഴക്കുതെക്കേ മൂലയ്ക്കുള്ള അടിഭാഗത്താണ് കരിങ്കൽകെട്ട് ഇളകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥിതിയുണ്ടായപ്പോൾ ഇവിടെ മണൽചാക്കുകളും മറ്റും നിറച്ച് അപകടസ്ഥിതി ഒഴിവാക്കിയിരുന്നു.

അടിയന്തിര നടപടി വേണം

ളാലം പഴയപാലത്തിന്റെ സംരക്ഷണഭിത്തിക്ക് തകരാറുണ്ടെങ്കിൽ എത്രയുംവേഗം അത് നന്നാക്കണമെന്നും പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.