പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് തുടരുന്നു
കോട്ടയം: മൂന്നാം ദിവസവും പടിഞ്ഞാറൻ മേഖലയിൽ താഴാതെ ജലനിരപ്പ്. കിഴക്കൻവെള്ളത്തിന്റെ വരവ് തുടരുന്നതാണ് ജനജീവിതം ദുരിതപൂർണമാക്കുന്നത്. അയ്മനം, തിരുവാർപ്പ്, വൈക്കം,ചങ്ങനാശേരി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അയ്മനത്ത് നൂറിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പലരും കുടുംബങ്ങളും ക്യാമ്പുകളിലേക്ക് മാറി. പാലായിൽ സ്ഥിതിഗതികൾ ശാന്തമാണ്. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിൽ വെള്ളം കയറി. എന്നാൽ ഗതാഗതത്തിന് തടസമില്ല. ജില്ലയിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും പടിഞ്ഞാറൻ മേഖലയിൽ നിന്നും വെള്ളം ഇറങ്ങിപ്പോകണമെങ്കിൽ ദിവസങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണ്.