ചങ്ങനാശേരി: എ.സി റോഡിൽ ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. എ സി റോഡുവഴിയുള്ള ആലപ്പുഴ, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, എടത്വ, ചമ്പക്കുളം, കിടങ്ങറ, കായങ്കരി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. ഇന്നലെ രാവിലെ മുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ചങ്ങനാശേരി ഡിപ്പോയിൽ നിന്നും കാവാലം, കൈനടി, കൃഷ്ണപുരം കാവാലം, വാലടി എന്നീ പടിഞ്ഞാറൻ സർവീസുകൾ മാത്രമാണ് നടത്തിയത്. ജലനിരപ്പ് താഴുന്നതിനനുസരിച്ച് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.