മുണ്ടക്കയം: മഴയ്‌ക്കൊപ്പം കാടിറങ്ങി കാട്ടാനക്കൂട്ടവും. കഴിഞ്ഞ ദിവസങ്ങളിലായി മാങ്ങാപേട്ട, കൊമ്പുകുത്തി പ്രദേശങ്ങളിലാണ് കാട്ടാനയുടെ ശല്യം രൂക്ഷമായത്. വനാതിർത്തി പ്രദേശങ്ങളിൽ സോളർവേലികൾ നശിച്ചതും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരമായി.

പുഞ്ചവയൽ കോരുത്തോട് റൂട്ടിൽ മാങ്ങാപ്പേട്ടയിൽ പത്തോളം ആളുകളുടെ കൃഷിയിടങ്ങളിലെ വാഴ, കപ്പ, തെങ്ങ് തുടങ്ങിയ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. രാത്രിയിൽ വീടിന്റെ സമീപത്ത് വരെ ആന എത്തിയതായി നാട്ടുകാർ പറയുന്നു. സമീപകാലത്ത് കാട്ടാനശല്യം പ്രദേശത്ത് കുറവായിരുന്നു. എന്നാൽ വീണ്ടും സമീപവനത്തിൽ നിന്നും സ്ഥിരമായി ആനകൾ കാടിറങ്ങിത്തുടങ്ങിയതോടെ നാട്ടുകാരുടെ ഭീതിയും വർധിച്ചു. ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് സോളർ വേലിയുണ്ടെങ്കിലും പല സ്ഥലങ്ങളിലും നശിച്ച നിലയിലാണ്. ഇതുവഴിയാണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.

മടുക്ക കൊമ്പുകുത്തി റോഡിൽ ആനകൾ പതിവായി ഇറങ്ങാറുണ്ട്. ആനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സോളാർ വേലികളുടെ പ്രവർത്തനം ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.