കോട്ടയം: പാറേച്ചാലിൽ തോട്ടിലേക്ക് പതിച്ച കാറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. പത്തനംതിട്ട സ്വദേശികളായ വനിതാ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുമ്പനാട് സ്വദേശിയായ ഡോ.സോണിയ ഇവരുടെ മാതാവ് ശോശാമ്മ, ബന്ധുവായ അനീഷ്, സോണിയയുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി കോട്ടയം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും കുമ്പനാട്ടേക്ക് പോവുകയായിരുന്നു ഇവർ. ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടെ വഴിതെറ്റുകയായിരുന്നു .തുടർന്ന് പടിഞ്ഞാറൻ ബൈപ്പാസിൽ പ്രവേശിച്ച കുടുംബം പാറച്ചാൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു. സമീപവാസിയായ വീട്ടമ്മയാണ് രാത്രിയോടെ കാർ തോട്ടിൽ കിടക്കുന്നത് കണ്ടത്. ഇവർ നിലവിളിച്ചതോടെ സമീപത്തുള്ളവർ സ്ഥലത്തെത്തി. കാറിന്റെ മുൻഭാഗം തോട്ടിലെ ചെളിയിൽ പതിഞ്ഞതിനാൽ, പിൻവശം ഉയർന്നു നിന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമായി. സമീപവാസിയായ യുവാവ് വെള്ളത്തിൽ ഇറങ്ങി ഡോർ ഇടിച്ചുതുറന്നശേഷമാണ് യാത്രക്കാരെ കരയ്ക്ക് കയറ്റിയത്. വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.