പാലാ: പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ നഗരത്തിൽ നഗരസഭയുടെ ന്യായവില ഹോട്ടലിന് മുൻവശത്ത് രൂപപ്പെട്ട ഗർത്തം മൂടാൻ പി.ഡബ്ലി.യു.ഡി മെയിന്റനൻസ് വിഭാഗം അധികാരികൾ തീരുമാനിച്ചു. ഇവിടെയുള്ള വാട്ടർ അതോറിറ്റിയുടെ വലിയ ഓട നന്നാക്കുന്നതിന് പകരമായി ഈ ഭാഗത്ത് റോഡിന് എതിർവശം പി.ഡബ്ലി.യു.ഡിയുടെ ഓടയിലേക്ക് വാട്ടർ അതോറിട്ടിയുടെ ഡ്രൈനേജ് വെള്ളം താത്ക്കാലികമായി കടത്തിവിടും.

തിരക്കേറിയ മെയിൻ റോഡ് കുറുകെ മുറിച്ച് വലിയ ഓട നിർമ്മിക്കുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് താത്ക്കാലികമായി പരിഹാര നടപടികൾ സ്വീകരിക്കുന്നതെന്ന് പി.ഡബ്ലി.യു.ഡി റോഡ്‌സ് മെയിന്റനൻസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തോമസ് പറഞ്ഞു. കിഴതടിയൂർ ബാങ്കിലേക്കുള്ള വഴി നഗരസഭ വകയാണ്. ഇവിടെ കുഴിച്ച് വാട്ടർ അതോറിറ്റി ഡ്രൈനേജിൽ നിന്നു വരുന്ന വെള്ളം പി.ഡബ്ലി.യു.ഡി നിർമ്മിക്കുന്ന ഓടയിലേക്ക് ചേർക്കാനാണ് പദ്ധതി. ഇതൊരു ശാശ്വത പരിഹാരമല്ലെന്നും ഇനിയും റോഡ് ഇടിഞ്ഞുതാഴ്ന്നാൽ സ്ഥിരമായ പരിഹാരം വേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിലവിൽ ന്യായവില ശാലയ്ക്ക് മുന്നിൽ 12 അടിയോളം ആഴത്തിൽ കുഴിച്ചിരിക്കുകയാണ്. ഇത് ഉടൻ മൂടും. മുനിസിപ്പൽ റോഡ് കുഴിച്ച് ഓട നിർമ്മിക്കുന്ന ജോലികളും ഉടനടി ആരംഭിക്കും.