കോട്ടയം : മുന്നറിയിപ്പ് ബോർഡിനെ നോക്കുകുത്തിയാക്കി തിരുനക്കര തെക്കുംഗോപുരം കാരാപ്പുഴ റോഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാലിന്യങ്ങൾ റോഡരികിൽ അടുക്കിയ നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും അറവുമാലിന്യങ്ങൾ അടക്കമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യങ്ങൾ അഴുകി രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായി. നഗരത്തിലെ തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനും ഇത് ഇടയാക്കുകയാണ്. അടുത്തകാലത്തായി നിരവധിപ്പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. മാലിന്യ നിക്ഷേപം വർദ്ധിച്ചതിനെ തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. നഗരസഭയുടെ മാലിന്യ മുക്ത നഗരം എന്ന ക്ലീൻ ഗ്രീൻ പദ്ധതിയും കടലാസിൽ ഒതുങ്ങുകയാണ്. നഗരത്തിലെ ഇടറോഡുകളിലും മാലിന്യം തള്ളൽ രൂക്ഷമാണ്.