കോട്ടയം : ഈരയിൽക്കടവ് - മണിപ്പുഴ ബൈപ്പാസ് റോഡരിക് കാടുമൂടിയതോടെ അപകടഭീഷണിയേറി. നഗരമദ്ധ്യത്തിലെ തിരക്ക് ഒഴിവാക്കി കഞ്ഞിക്കുഴി, കളക്ടറേറ്റ് എന്നിവിടങ്ങളിലേക്ക് വേഗം എത്താൻ കഴിയുന്നതാണ് ബൈപ്പാസ്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പ്രഭാതത്തിലും സായാഹ്നത്തിലും സവാരിയ്ക്കിറങ്ങുന്നവരാണ് ദുരിതത്തിലായത്. കാട് മൂടിയ ഇരുവശങ്ങൾക്ക് മദ്ധ്യഭാഗത്തുകൂടെ കടന്നു പോകുന്ന റോഡിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കാൽനടയാത്രിക്കാർക്കായി റോഡിന്റെ വശത്ത് നടപ്പാതകൾ സ്ഥാപിച്ചിച്ചിട്ടുണ്ടെങ്കിലും ഇവയും കാടൂമൂടി. ഇഴജന്തുക്കളിൽ നിന്ന് രക്ഷേനേടാൻ പ്രതിരോധ ഉപകരണങ്ങളുമായി ഇറങ്ങേണ്ട സ്ഥിതിയാണ്. മണിപ്പുഴ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന റോഡിന്റെ ഒരു ഭാഗത്തെ മാത്രം കാടുകൾ തെളിച്ചനിലയിലാണ്. കൂടാതെ, വാട്ടർ അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകളും റോഡരികിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവയും കാട് മൂടി മറഞ്ഞ നിലയിലാണ്.

മാലിന്യനിക്ഷേപവും തുടർക്കഥ

വേനൽക്കാലത്ത് റോഡിൽ തീപിടിത്തവും പതിവാണ്. കൂടാതെ കാടിന്റെ മറവിൽ മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. വാഹനങ്ങളിൽ എത്തുന്നവർ കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ളവയാണ് റോഡരികിൽ തള്ളുന്നത്. ഇരുചക്രവാഹനങ്ങൾ അമിതവേഗതയിൽ കടന്നു പോകുന്ന റോഡിൽ അപകടവും നിത്യസംഭവമാണ്. സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്.