ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രവിവാര രാമായണമേളയ്ക്ക് ഭക്തജനത്തിരക്കേറുന്നു. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി നടന്നുവന്ന രവിവാര രാമായണമേള അടുത്ത ഞായറാഴ്ച സമാപിക്കും. കർക്കടക മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 6 ന് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ഉമാമഹേശ്വരപൂജ, നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹപൂജ എന്നിവയുമുണ്ട്. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം രവിവാര രാമായണ സമ്മേളനം ആരംഭിക്കും. മുൻ ഞായറാഴ്ചകളിൽ ഡോ.എൻ.കെ. മഹാദേവൻ, കോട്ടയം പ്രീതി ലാൽ, പ്രൊഫ. ബി. വിജയകുമാർ, അമനകര പി.പി. നിർമ്മലൻ എന്നിവർ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 6.45 ന് മജീഷ്യൻ കണ്ണൻമോൻ രാമായണ സംഗമ സമ്മേളനത്തിന് തിരി തെളിക്കും. അഡ്വ. വിളക്കുമാടം എസ്.ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തും.ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ചകളിലെ സമ്മേളനത്തിന് ശേഷം വിവിധ ഔഷധക്കൂട്ടുകൾ ചേർന്ന കർക്കടകക്കഞ്ഞി വിതരണവുമുണ്ട്. 14 നാണ് സംഗമം സമാപിക്കുന്നത്. അമനകര പി.കെ.വ്യാസൻ സമാപന പ്രഭാഷണം നടത്തും. ടി.എൻ. സുകുമാരൻ നായർ അഖണ്ഡരാമയണ പാരായണ സമർപ്പണം നിർവഹിക്കും. ദേവസ്വം സെക്രട്ടറി പുളിക്കൽ ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ശശിധരൻ നായർ പുലിതൂക്കിൽ തുടങ്ങിയവർ പ്രസംഗിക്കും.