പാലാ : നല്ല ഒന്നാന്തരം വഴി അധികാരികളുടെ പിടിപ്പുകേടുകൊണ്ട് എങ്ങനെയാണ് നശിക്കുന്നതെന്ന് അറിയണമെങ്കിൽ ഏഴാച്ചേരിക്ക് വരണം. പാലായിൽ നിന്ന് ഏഴാച്ചേരി കൂടി രാമപുരത്തേക്കുള്ള പ്രധാനവഴിയാണ്. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം. വെള്ളിലാപ്പിള്ളി ലക്ഷംവീട് ഭാഗത്തോട് ചേർന്ന വള്ളാങ്കോട്ട് ഭാഗം മുതൽ ലക്ഷംവീട് ഭാഗം വരെ റോഡിലൂടെ മഴവെള്ളം കുലംകുത്തിയൊഴുകുകയാണ്. ഇവിടെ ഓടയും, വെള്ളം ഒഴുകിപ്പോകാൻ വലിയ കലുങ്കുമുണ്ടായിരുന്നു. ഇപ്പോൾ രണ്ടിന്റേയും ശേഷിപ്പുകൾ മാത്രം. ഓട ചെന്ന് ചേരുന്നിടത്തെ കലുങ്കിൽ ഇപ്പോൾ അവശേഷിക്കുന്നത് മേൽഭാഗത്തെ രണ്ട് കെട്ട് കല്ല് മാത്രം. കലുങ്കിന്റെ അടിവശം പൂർണ്ണമായും അടഞ്ഞു. വള്ളാങ്കോട്ട് വാതിൽക്കൽ മുതൽ ഓടയിലൂടെ ഒഴുകി വന്നിരുന്ന വെള്ളം ഈ കലുങ്കിനടിയിലൂടെ മറുവശത്തെ ഒരു പുരയിടത്തിലേക്ക് ചെന്നു ചേരുകയും അവിടെ നിന്ന് നെൽപ്പാടത്തേക്ക് ഒഴുകിയിറങ്ങുന്ന വിധമായിരുന്നു ക്രമീകരിച്ചിരുന്നത്.
എന്നാൽ ഈ കലുങ്ക് സ്വാഭാവികമായി ഇടിഞ്ഞു. ഒപ്പം ആരോ മന:പ്പൂർവം കലുങ്കിന്റെ മറുവശം അടച്ചുവച്ചു. ഇതോടെ ഓടയിൽ നിന്ന് ഒഴുകിവന്ന വെള്ളവും മണ്ണും കലുങ്കിനടിയിൽ കെട്ടിനില്ക്കുകയും വർഷങ്ങൾക്കൊണ്ട് അടഞ്ഞുപോകുകയുമായിരുന്നു. ഇപ്പോൾ ഇവിടെ കലുങ്കുണ്ടെന്ന് തിരിച്ചറിയാൻ മാത്രമായി അവശേഷിച്ചിരിക്കുന്ന ഏക കൽക്കെട്ടും സമീപഭാവിയിൽ നശിപ്പിക്കപ്പെട്ടേക്കാം.
കൈയേറ്റത്തിന് കൂട്ടുനിന്ന് പൊതുമരാമത്ത്
കലുങ്കുപോലും കൈയ്യേറി ഒരിഞ്ചു സ്ഥലംപോലും വിട്ടുകൊടുക്കാത്തവരുടെ ദുരാഗ്രഹത്തിന് പൊതുമരാമത്ത് വകുപ്പും കുട്ടുനിൽക്കുകയാണെന്നാണ് ആക്ഷേപം. ഇതുമൂലം 400 മീറ്ററോളം ദൂരത്തിൽ റോഡിൽകൂടി വെള്ളം ഒഴുകുകയാണ്. ഇത് തുടർന്നാൽ നല്ല ഒന്നാന്തരം റോഡ് ഏത് നിമിഷവും തകർന്നേക്കാം. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാരുമുണ്ട്. ഈ ഭാഗത്ത് വളവുമുണ്ട്. തെന്നിക്കിടക്കുന്ന വഴിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടം ഉണ്ടാകുന്നതും പതിവാണ്.
പാടശേഖരവും ഉപയോഗശൂന്യം
റോഡിലൂടെ ഒഴുകിവരുന്ന കല്ലും ചെളിയും വെള്ളിലാപ്പിള്ളി പാടശേഖരത്തിലേക്ക് ഒഴുകിയിറങ്ങി അവിടവും ഉപയോഗശൂന്യമാവുകയാണ്. പി.ഡബ്ല്യു.ഡി. അധികാരികൾ എത്രയുംവേഗം ഇവിടെ കലുങ്ക് നിർമ്മിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
1. പാലാ ഏഴാച്ചേരി രാമപുരം റൂട്ടിൽ വള്ളോങ്കോട്ട് ജംഗ്ഷനിൽ അടഞ്ഞ കലുങ്ക്.
കലുങ്കിന്റെ കൽക്കെട്ടിന്റെ ഏതാനും ഭാഗം മാത്രം കാണാം. ഇവിടെ വെള്ളം കെട്ടിനിൽക്കുകയാണ്.
2. പാലാ ഏഴാച്ചേരി രാമപുരം റൂട്ടിൽ വള്ളോങ്കോട്ട് ജംഗ്ഷനിൽ റോഡിൽ കൂടി മഴവെള്ളം ഒഴുകുന്നു.