
കോട്ടയം. ഡീസൽ ക്ഷാമം മൂലം കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായതോടെ സർവീസുകൾ വെട്ടിക്കുറച്ചത് യാത്രക്കാരെ വലച്ചു. ഓർഡിനറി സർവീസുകളിൽ 40 ശതമാനം മാത്രമാണ് ഇന്നലെ നടത്തിയത്. ഇന്ന് അത്രപോലും ഓർഡിനറി ബസുകൾ ഓടില്ല. വരുമാനം കുറവുള്ള ബസുകൾ റദ്ദാക്കാൻ നിർദേശമുണ്ട്. ഗ്രാമീണ മേഖല കൂടുതൽ ആശ്രയിക്കുന്ന ബസുകൾ മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചില ഡിപ്പോകളിൽ കുറച്ചു ദിവസത്തേയ്ക്കുള്ള ഡീസലുണ്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് സർവീസുകളാണ് വെട്ടിക്കുറച്ചത്.
കോട്ടയം ഡിപ്പോയിൽ രണ്ട് ടാങ്കുകളിലായി ആകെ 16000 ലിറ്റർ ഡീസൽ ശേഖരിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ഡീസൽ എത്തിയിട്ടില്ല. പുറത്തുള്ള പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളം കയറിയത് മൂലവും സർവീസുകൾ വെട്ടിക്കുറക്കുന്നുണ്ട്.
കോട്ടയം.
കോട്ടയം ഡിപ്പോയിൽ ഇന്നലെ 17 സർവീസുകളാണ് വെട്ടിക്കുറച്ചത്. ഫാസ്റ്റ് പാസഞ്ചർ: 9, ഓർഡിനറി: 8 എന്നിങ്ങനെയാണ് കുറച്ചത്. കുമളി -എറണാകുളം റൂട്ടുകളിലേക്കുള്ള ചില ഫാസ്റ്റുകളും ചെങ്ങന്നൂർ- തിരുവല്ല എന്നിവിടങ്ങളിലേക്കുള്ള ചെയിൻ സർവീസും ഒഴിവാക്കി. ഇന്ന് കൂടുതൽ സർവീസുകൾ മുടങ്ങിയേക്കും. 60 ബസുകളാണ് കോട്ടയം ഡിപ്പോയിൽ നിന്ന് സാധാരണ സർവീസ് നടത്താറുള്ളത്.
പാലാ.
ആകെയുള്ള 64 സർവീസുകളിൽ 9 എണ്ണം ഇന്നലെ മുടങ്ങി. പാലാ-കോട്ടയം, പാലാ-തൊടുപുഴ, പാലാ-പൊൻകുന്നം ചെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
വൈക്കം. 
39 സർവീസുകളിൽ 8 ബസുകൾ ഇന്നലെ ഓടിയില്ല. പത്തു സർവീസുകൾ ഇന്ന് മുടങ്ങും. ചെയിൻ സർവീസുകളാണ് ഏറെയും.
പൊൻകുന്നം.
ആകെയുള്ള 16 ൽ 9 ബസുകളും ഇന്നലെ സർവീസ് നടത്തിയില്ല. ഇന്നും ഈ സർവീസ് ഇല്ല. മലയോര മേഖലകളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയവയിൽ ഏറെയും. പാല, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
എരുമേലി.
21 സർവീസുകളിൽ 8 എണ്ണം ഇന്നലെ മുടങ്ങി. വരുമാനം കുറവുള്ള ബസുകളാണ് റദ്ദാക്കിയത്. ഇന്ന് 13ലധികം ബസുകൾ ഓടില്ല. എറണാകുളം, മാങ്കുളം ബസുകൾ മുടങ്ങും.
ഈരാറ്റുപേട്ട.
37 സർവീസുകളിൽ 10 എണ്ണം ഇന്ന് മുടങ്ങും. ഓർഡിനറി ബസുകളാണ് റദ്ദാക്കുന്നത്.