ചങ്ങനാശേരി : കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ നിവാസികളുടെ ആശങ്കയൊഴിഞ്ഞു. നേരിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസം കൂടുതൽ ക്യാമ്പുകൾ താലൂക്കിൽ തുറന്നിരുന്നു. അഞ്ച് ക്യാമ്പുകളിലായി 74 കുടുംബങ്ങളാണ് താമസിക്കുന്നത്. പെരുന്ന ഗവ. യു.പി സ്‌കൂൾ, പെരുന്ന ഗവ. എൽ.പി.എസ്, സെന്റ് ജെയിംസ് എൽ.പി.എസ് പണ്ടകശാല കടവ്, പുഴവാത് ഗവ. എൽ.പി, പൂവം ഗവ. യു.പി.എസ് എന്നീ സ്‌കൂളുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പൂവം, എ.സി റോഡ്, നക്രാൽ പുതുവൽ, മൂലേൽ പുതുവേൽ, മനയ്ക്ക ചിറ, കോമങ്കേരി ചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ്, പെരുംപുഴക്കടവ്, പൂവം, ടെംങ്കോ പാലം, പാറക്കൽ കലുങ്ക് തുടങ്ങിയ പ്രദേശങ്ങൾ, വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ, കുറിച്ചി പഞ്ചായത്തിലെ അഞ്ചലശേരി, പാട്ടാശേരി എന്നിവടങ്ങളിലും തുരുത്തേൽ, സസ്യമാർക്കറ്റ്, പറാൽ തുടങ്ങിയ ഭാഗങ്ങളിലുമാണ് ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നത്. എ.സി റോഡിൽ നിന്നും വെള്ളം നേരിയ തോതിൽ ഇറങ്ങി തുടങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചിട്ടില്ല. കാവാലം സർവീസ് മാത്രമാണ് നടത്തുന്നത്. മഴ മാറിയെങ്കിലും വെള്ളം പൂർണ്ണമായി വീടുകളിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന്, പ്രദേശവാസികൾ ക്യാമ്പുകളിൽ തുടരേണ്ട സ്ഥിതിയാണ്.