കല്ലറ : രണ്ട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൈക്കം നിയോജകമണ്ഡലത്തിലെ കല്ലറ - തലയാഴം റോഡിലെ മുണ്ടാർ ഭാഗം തകർന്ന് തരിപ്പണമായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. ഇരുന്നൂറ്റിയമ്പത്തിലധികം കുടുംബങ്ങൾ റോഡിലൂടെ സഞ്ചരിക്കാൻ ഗത്യന്തരമില്ലാതെ കഴിയുകയാണ്. കല്ലറ പഞ്ചായത്തിലെ കല്ലുപുര - മുണ്ടാർ റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ഇപ്പോൾ നരകതുല്യമാണ്. അധികൃതരുടെ അവഗണയിൽ ജനം മടുത്തു. കാൽനടയാത്ര പോലും ദുസ്സഹമായി. ഏഴു കിലോമീറ്ററോളമാണ് മെറ്റിൽ ഇളകി ഉഴുതു മറിച്ച പാടം പോലെ കിടക്കുന്നത്. ഓട്ടം വിളിച്ചാൽപ്പോലും ആരും വരില്ല. ഈ വഴി ഓട്ടം പോയാൽ പിന്നെ വണ്ടിയുടെ കാര്യം പറയുകയും വേണ്ട. മഴവെള്ളം റോഡിൽ കെട്ടിക്കിടന്ന് കുഴികൾ വലുതായി. ഈ കുഴികളുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ഇന്നലെ ബൈക്ക് യാത്രക്കാരായ രണ്ടുപേർ അപകടത്തിൽപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് റോഡ് നിർമ്മാണത്തിന് 5 കോടി അനുവദിച്ച് മെറ്റിൽ ഇട്ടെങ്കിലും പിന്നീട് പണി ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ഇടത് സർക്കാർ 20 കോടി അനുവദിച്ചെങ്കിലും സമാനഗതി തന്നെയാണ്. സമരസമിതി രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി മുണ്ടാറിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.