കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്‌കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് കോർപ്പറേഷൻ ചെയർമാന്റെ ചുമതലഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്. തുക ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി എത്തുന്നത്. സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമാണ്. ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും. സ്വകാര്യ ആശുപത്രികളിൽ ലേസർ ചികിത്സ ചെലവേറിയതാണ്. വാസ്‌കുലാർ സർജൻ ഡോ. ബിന്നി ജോൺ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ എം.പിയ്ക്ക് കത്ത് നൽകിയിരുന്നു.