പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊൻകുന്നം ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണത്തിന്റെ ഭാഗമായി മിച്ചം വന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ച നിലയിൽ. ടൗണിൽ ദേശീയ പാതയ്ക്കും ഷോപ്പിംഗ് കോംപ്ലക്‌സിനും ഇടയ്ക്കുള്ള ഭാഗത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ ഗ്ലാസിലും മറ്റും ഒട്ടിച്ച സ്റ്റിക്കറുകളുടെ ബാക്കി വന്ന പ്ലാസ്റ്റിക്ക് പേപ്പറുകളാണ് ഇതിലധികവും. ദിവസങ്ങളോളം മഴ പെയ്ത സാഹചര്യത്തിൽ ഇവയിൽ മഴവെള്ളം കെട്ടി നിന്ന് കൊതുക് പെരുകാനുള്ള സാദ്ധ്യത ഏറെയാണ്. കാറ്റത്ത് ഇവ പ്രദേശത്താകെ പറന്നെത്തുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമായി. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ദിവസകൾക്ക് മുമ്പ് കൂട്ടിയിട്ടതാണ് പ്ലാസ്റ്റിക്ക് മാലിന്യം. മാലിന്യം നീക്കം ചെയ്യാൻ അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.