പാലാ : വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം പുറന്തള്ളുന്ന ഓടയുടെ വലിയൊരു ഭാഗം മണ്ണും മാലിന്യങ്ങളും നിറഞ്ഞ നിലയിൽ. ഒപ്പം ഓടയ്ക്ക് മുകളിൽ ഗേറ്റ് സ്ഥാപിച്ച് ആ തുണ്ടു ഭൂമി കൂടി അടിച്ചു മാറ്റുന്നവരുമുണ്ട്. ഇതൊക്കെ നഗരസഭ കാണാഞ്ഞിട്ടാണോ. അതോ കണ്ടിട്ടും മൗനം തുടരുന്നതാണോയെന്നതാണ് നാട്ടുകാർക്ക് സംശയം. കഴിഞ്ഞയാഴ്ച പാലാ നഗരത്തിലെ റോഡ് ഇടിഞ്ഞു താഴ്ന്ന് ഗർത്തമുണ്ടായപ്പോൾ പുതിയ തലമുറയുടെ ഓർമ്മകളിലേക്ക് വന്ന ഒരു ഓടയുണ്ട്. വാട്ടർഅതോറിറ്റി വക പുത്തൻപള്ളിക്കുന്നിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന വെള്ളം വീണ്ടും മീനച്ചിലാറ്റിലേയ്ക്ക് എത്തിക്കുന്ന ഓട. നഗരസഭയുടെ ന്യായവില ഹോട്ടലിനോട് ചേർന്ന് റോഡിൽ 10 അടിയോളം താഴ്ചയിൽ ഗർത്തം രൂപപ്പെട്ടത് അറിഞ്ഞപ്പോഴേ ആറുപതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഓട ഇടിഞ്ഞതാകാമെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് പാലാ നഗരസഭയിലെ മുൻ മുനിസിപ്പൽ കമ്മിഷണർ രവി പാലായാണ്. അദ്ദേഹത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രശ്നപരിഹാരത്തിനായി നഗരഭരണ നേതൃത്വത്തിനും പൊതുമരാമത്ത് വകുപ്പിനും സഹായവുമായി.
ട്രീറ്റ്‌മെന്റ് പ്ലാന്റിലെ മണൽ ബെഡ്ഡുകൾ (കൂറ്റൻ അരിപ്പകൾ) ശുചീകരിക്കുന്ന വെള്ളം ദിവസം രണ്ടു നേരം പുറത്തേക്ക് ഒഴുക്കിക്കളയും. ഈ വെള്ളമാണ് ജനറൽ ആശുപത്രി റോഡിലെ ഓട വഴി ഒഴുകി കിഴതടിയൂർ ബാങ്കിന്റെ ഹെഡ് ഓഫീസിനെ അതിരിട്ട് മെയിൻ റോഡിലൂടെ വലിയ ഓടയിലേക്ക് എത്തി മീനച്ചിലാറ്റിൽ പതിക്കുന്നത്. ഇതിനായി നിർമ്മിച്ച ഓടയുടെ കിഴതടിയൂർ ബാങ്കിനോട് ചേർന്ന ഭാഗം, മണ്ണും കല്ലും, കാട്ടുപള്ളകളും നിറഞ്ഞ് ശോച്യാവസ്ഥയിലാണ്. ഇത് നന്നാക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. എന്നാൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി നഗരസഭാജീവനക്കാർ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടേയില്ല.
ഓട കൈയേറി ഗേറ്റും സ്ഥാപിച്ചു
കിഴതടിയൂർ ബാങ്കിന്റെ പ്രവേശന കവാടത്തോട് ചേർന്നുള്ള ഓട ഭാഗം ആരോ കൈയേറിയിരിക്കുകയാണ്. ഓടയിലേക്ക് ഇറങ്ങുന്ന ഭാഗം ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനോട് ചേർന്ന് ഏതോ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേയ്ക്ക് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഗേറ്റിനോട് ചേർന്നാണ് ഓട പൂട്ടിയ ഗേറ്റും.
പ്രതിപക്ഷ കൗൺസിലർമാർ സ്ഥലം സന്ദർശിക്കും
അര നൂറ്റാണ്ട് മുമ്പ് പണിത ഓടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഓട കൈയേറി ഗേറ്റ് സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർമാർ ഇന്ന് സ്ഥലം സന്ദർശിക്കും.