കോട്ടയം : കുഴിയിൽ നിന്ന് കുഴിയിലേക്ക്... കണ്ണുതെറ്റിയാൽ വീഴുമെന്ന് ഉറപ്പ്. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരുടെ നടുവൊടിയാൻ പിന്നെന്ത് വേണം. ഇരുചക്രവാഹനയാത്രികർക്ക് കെണിയാവുകയാണ് കഞ്ഞിക്കുഴി - ദേവലോകം റോഡിലെ കുഴികൾ. വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലിനെ തുടർന്ന് തകർന്നതാണ് റോഡ്. റോഡിന്റെ വശങ്ങൾ കുഴിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് റീടാർ ചെയ്യുകയോ സഞ്ചാരയോഗ്യമാക്കുകയോ ചെയ്തിട്ടില്ല. നിരവധി അപകടവളവുകളും റോഡിൽ സ്ഥിതി ചെയ്യുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതാണ് റോഡിലെ മറ്റൊരു ദുരിതം. വെയിലായാൽ പൊടിയും മഴയായാൽ ചെളിയും നിറയുന്ന അവസ്ഥ.

ജില്ലാ കളക്ടറുടെ വസതി, ജില്ലാ പൊലീസ് മേധാവിയുടെ വസതി, ഇതര തർക്ക പരിഹാര കേന്ദ്രം, ജില്ലാ പൊലീസ് കമാൻഡ് കൺട്രോൾ സെൽ, ഗവ. യു.പി സ്‌കൂൾ, ദേവലോകം അരമന, പി.എസ്.സി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഈ റോഡിലാണ്. ആഴമുള്ള കുഴികളിൽ ചെടിവച്ച് യാത്രക്കാർക്ക് അപകടമുന്നറിയിപ്പ് നൽകുകയാണ് നാട്ടുകാർ. ടാറിംഗ് പൂർണമായും ഇളകിയ നിലയിലാണ്. ഓരോ ദിവസവും യാത്രാദുരിതം കൂടി വരികയാണെന്നും എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.