എരുമേലി : കാഞ്ഞിരപ്പള്ളിയിൽ നിന്ന് എരുമേലിയിലേക്കുള്ള സംസ്ഥാനപാതയാണ് പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം. നടുവൊടിയാതെ യാത്ര ചെയ്യാൻ പറ്റില്ല. കൊരട്ടി മുതൽ എരുമേലിവരെ രണ്ടുകിലോമീറ്റർ ദൂരമാണ് ദുരിതയാത്ര. പകൽസമയത്ത് ഗട്ടറുകൾ ഒഴിവാക്കി പോകാം. രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല. ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച ശബരിമല പാതയാണിത്. കൊരട്ടി മുതൽ എരുമേലി ടൗണിന് സമീപംവരെ റോഡിൽ നിരവധി കുഴികളാണുള്ളത്. ജലവിതരണക്കുഴലും പൊട്ടിയിട്ടുണ്ട്. റോഡിന് കുറുകെ ജലവിതരണക്കുഴലുകൾ സ്ഥാപിച്ചതിന്റെ ഭാഗമായുള്ള കുഴികളും ഉണ്ട്. ചിലയിടങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ മൂടിയെങ്കിലും പിന്നീട് വീണ്ടും കുഴിയായി. കുഴികളിൽ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ രാത്രി യാത്രക്കാർക്ക് റോഡിന്റെ അവസ്ഥ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. അപകട സാദ്ധ്യത ഉയർത്തുന്ന ഗട്ടറുകളേറെയും വളവുകളിലാണ്.