kokkayar

മുണ്ടക്കയം. കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര ഈസ്റ്റ് പട്ടികവര്‍ഗ കോളനി ഒറ്റപ്പെട്ടു. ഒരാഴ്ചയായി കനത്ത മഴപെയ്തതോടെ തോടുകളെല്ലാം കരകവിഞ്ഞതിനാൽ പുറംലോകവുമായി ബന്ധമില്ലാതെ ഇവിടത്തുകാർ വലയുകയാണ്. 26 മലയരയ കുടുംബങ്ങളാണ് ഇവിടത്തെ താമസക്കാർ. ട്രൈബല്‍ വകുപ്പ് അധികൃതർ പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപണം ശക്തമാണ്.

കുറ്റിപ്ലാങ്ങാട് ഗവ.ഹൈസ്‌കൂളില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പട്ടികവര്‍ഗ കോളനിയിലെത്താം. എന്നാല്‍ ആറു കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ മണിക്കൂറുകളെടുക്കും. റോഡെന്നു പറയാന്‍ ഇവിടെയൊന്നുമില്ല. ഉണ്ടായിരുന്ന ന‌ടപ്പുവഴിയെല്ലാം മഴയും ഉരുളും കൊണ്ടുപോയി. പിഞ്ചുകുട്ടികളും സ്ത്രീകളുമെല്ലാം പാറക്കെട്ടിലൂടെ ചുവടുവച്ചുവേണം വീട്ടിലെത്താന്‍.

വേനല്‍കാലത്ത് പാറക്കെട്ടുകളില്‍ ചവിട്ടി മറുകര കടക്കാനാവും. എന്നാല്‍ പെരുമഴക്കാലത്ത് അതിനാവില്ല. രാവിലെ പുറത്ത് ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ പോയി മടങ്ങുമ്പോള്‍ വെള്ളപ്പൊക്കം മൂലം കോളനിക്കാര്‍ വീട്ടിലെത്താന്‍ കഴിയാതെ കുടുങ്ങുന്നത് പതിവാണ്. കുറ്റിപ്ലാങ്ങാട് സ്‌കൂളില്‍ പഠിക്കാന്‍ പോയി തിരികെയെത്താന്‍ കഴിയാതെ പോവുന്ന മക്കളുടെ കാര്യം പറയുമ്പോള്‍ അമ്മമാരുടെ കണ്ണു നനയും. സങ്കടകരമാണ് ഈ ആദിവാസി കോളനിയുടെ അവസ്ഥ.

ആരുമില്ല, തിരിഞ്ഞു നോക്കാൻ.

2021ലെ ഉരുള്‍പൊട്ടിലില്‍ കോളനിയിലെ ദുരിതം കാണാന്‍ എത്തിയ പട്ടികവര്‍ഗ ഒാഫീസറോ, പ്രമോട്ടറോ, ജനപ്രതിനിധിയോ ഇവിടേയ്ക്ക് പിന്നെ വന്നിട്ടേയില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരാഴ്ചയായി പ്രളയ ദുരിതത്തില്‍ കഴിഞ്ഞിട്ടുപോലും ഇവരുടെ ക്ഷേമാന്വേഷണം ആരും നടത്തിയില്ല.

ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഇവര്‍ തോടിനു കുറുകെ കമ്പി വലിച്ചു കെട്ടിയാണ് മറുകര കടക്കുന്നത്. പിടിവിട്ടുപോയാൽ എല്ലാം കഴിഞ്ഞു. മിക്ക വീടുകളിലും ഭക്ഷണ സാധനങ്ങളടക്കം തീർന്നിട്ട് ദിവസങ്ങളായി. പ്രളയം ഈ നില തുടര്‍ന്നാല്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണിവര്‍. ആശുപത്രിയിളില്‍ പോകേണ്ട നിരവധിയാളുകള്‍ ഇവിടെയുണ്ട്. പക്ഷെ എല്ലാം മുടങ്ങി. അധികാരികള്‍ കണ്ണു തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.