കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി കെട്ടിടത്തിലെ വ്യാപാരികളെ നാളെ ഒഴിപ്പിക്കുമെന്ന് കോട്ടയം നഗരസഭ. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടിയെടുത്തു എന്ന് നഗരസഭ നാളെ കോടതിയെ അറിയിക്കണം. അതേസമയം കെട്ടിടം ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കുന്നതുവരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. ഈ കത്ത് നഗരസഭയിലും സമർപ്പിച്ചിട്ടുണ്ട്. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയെപ്പോൾ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് സെക്രട്ടറിക്ക് വാക്കാൽ ലഭിച്ച നിർദേശം.

ഇതിനിടെ വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡി.പി.ആർ തയ്യാറാക്കി ഘട്ടംഘട്ടമായി കെട്ടിടം പൊളിച്ചു പണിയുമെന്നും പൊളിച്ചു മാറ്റാത്ത സ്ഥലങ്ങളിലേക്ക് വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നുമുള്ള കൗൺസിൽ തീരുമാനം പ്രകാരമല്ല ഇപ്പോഴത്തെ നടപടികളെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ. അതേസമയം, ചില വ്യാപാരികൾ ഈ മാസത്തെ വാടകതുക മുഴുവൻ അടച്ചിട്ടുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ എത്തുമ്പോൾ ഇതുകാട്ടി വ്യാപാരികൾ പ്രതിരോധിക്കാൻ സാദ്ധ്യതയുണ്ട്. ഈ മാസത്തെ വാടക അടയ്ക്കാൻ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.

കൊവിഡും പ്രളയവും കഴിഞ്ഞുള്ള ഓണക്കാലത്ത് നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നഗരസഭയുടെ ഒഴിപ്പിക്കൽ നടപടി ഒരുപാട് കുടുംബങ്ങളെ ബാധിക്കും. സുപ്രീം കോടതി ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ നടപടികൾ വൈകിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അബൂബക്കർ കെ.ഒ (വ്യാപാരി)

2018ലെ കൗൺസിൽ തീരുമാനം പ്രകാരമാണ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നത്. വ്യാപാരികളുമായി ശത്രുതയില്ല. കോടതിയലക്ഷ്യ കേസ് വന്നതുകൊണ്ടാണ് ഇപ്പോൾ നടപടിയെടുക്കുന്നത്. വ്യാപാരികൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയാൽ മാത്രമേ നഗരസഭയ്ക്ക് നടപടിയിൽ നിന്ന് പിന്മാറാൻ കഴിയൂ

ബിൻസി സെബാസ്റ്റ്യൻ (ചെയർപേഴ്സൺ)