ഉരുൾപൊട്ടൽ സാധ്യത, നെഞ്ചിടിപ്പോടെ 27 കുടുംബങ്ങൾ
മുണ്ടക്കയം: ഏതു നിമിഷവും ഒരു പെട്ടിമുടിയോ കവളപ്പാറയോ ആകാം മുണ്ടക്കയം പാലൂർക്കാവിലെ ജ്യോതിസ് നഗർ കോളനി. ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന പെരുവന്താനം പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശം. മഴ പെയ്തിറങ്ങുമ്പോൾ പ്രദേശത്തെ 27 കുടുംബങ്ങൾ നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. കാലങ്ങളായി സ്ഥിരം ഉരുൾപൊട്ടുന്ന മേഖലയാണ് പാലൂർക്കാവ്. കഴിഞ്ഞ വർഷം ജ്യോതിസ് നഗർ കോളനിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടത്. കഴിഞ്ഞവർഷത്തെ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബം മാത്രമാണ് ഇവിടെ നിന്നു മാറിപോയത്. പ്രായമായവരും കൊച്ചു കുട്ടികളും, ഗർഭിണികളുമൊക്കെ ഉൾപ്പെടുന്ന 27 കുടുംബങ്ങൾ മുന്നോട്ട് എന്ത് എന്ന ചിന്തയിൽ മനസുനീറി കഴിയുകയാണ്.
എല്ലാ വർഷവും ക്യാമ്പിലേക്ക്?
വർഷാവർഷം ഒരോ മഴക്കാലത്തും പ്രദേശവാസികളെ ക്യാമ്പിൽ എത്തിക്കുകയും മഴ കുറയുമ്പോൾ തിരിച്ച് വീടുകളിലേക്ക് പറഞ്ഞുവിടുകയുമാണ് അധികൃതർ ചെയ്യുന്നത്. എന്നാൽ തങ്ങൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ വീട് നിർമ്മിച്ചു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
30 വർഷങ്ങൾക്ക് മുമ്പ് സർക്കാർ തന്നെ നിർമ്മിച്ചുകൊടുത്ത കോളനിയാണിത്. അതിലാണ് ഇവർ ഇപ്പോൾ ജീവൻ പണയം വെച്ച് കഴിയുന്നത്. മുൻവർഷത്തെ മഴയിൽ ഇവിടെയുണ്ടായിരുന്ന ഇരുനില സാംസ്‌കാരിക നിലയം നിലം പൊത്തിയതോടെ ഇവരുടെ കുടിവെള്ളവും മുട്ടി.