പരാധീനതകളുടെ നടുവിൽ കരീമഠം ഗവ:വെൽഫയർ യു.പി സ്കൂൾ

അയ്മനം: ഇവിടെ എന്ത് സൗകര്യമെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് പറയാം... കരീമഠം ഗവ.യു പി സ്കൂളിന്റെ കാര്യത്തിൽ ആർക്കുമൊരു മറുവാക്കില്ല.

കെട്ടുറപ്പുള്ള കെട്ടിടങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പരാധീനതകളുടെ നടുവിലാണ് ഈ പൊതുവിദ്യാലയം. അയ്മനം പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏഴാം ക്ലാസ് വരെ 38 കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. വഴിയും മറ്റ് യാത്രാ സൗകര്യങ്ങളും ഇല്ലാത്തതിനാൽ കുട്ടികൾക്ക് സ്കൂളിലെത്താൻ വള്ളത്തെ ആശ്രയിയ്ക്കുകയല്ലാതെ മറ്റു മാർഗമില്ല. ഇവിടെ നിയമനം ലഭിച്ചുവരുന്ന അദ്ധ്യാപകർ എങ്ങനെയെങ്കിലും സ്ഥലം മാറ്റം വാങ്ങിപ്പോകുകയാണ് പതിവ്. പിന്നെ താത്ക്കാലിക അദ്ധ്യാപകരെ വച്ച് ക്ലാസ് നടത്തമം. ഒന്നര വർഷക്കാലത്തെ കൊവിഡ് അവധിയ്ക്കുശേഷം സ്കൂളിൽ നിയമനം ലഭിച്ചഅദ്ധ്യാപകരെല്ലാം സ്ഥലംമാറ്റം വാങ്ങി പോയിരുന്നു.

ഞങ്ങൾക്ക് മറ്റ് മാർഗമില്ല

യാത്രാസൗകര്യം ഇല്ലാത്തത് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഒരുപോലെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ മറ്റ് സ്കൂളിലേക്ക് അയയ്ക്കാനും തടസങ്ങളേറെയാണ്.

സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിയ്ക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. മന്ത്രി വി എൻ വാസവന്റെ ഇടപെടലിനായി കാത്തിരിയ്ക്കുന്നു.

മനോജ് കരീമഠം അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികൾ പഠിയ്ക്കുന്ന കരീമഠം സ്ക്കൂളിനെ അവഗണിയ്ക്കുന്നത് ഏറെ ഖേദകരമാണ്. ഇത് കുരുന്നുകളോടുള്ള വലിയ ക്രൂരതയാണ്.

സജിമോൻ കരീമഠം (പി ടി എ പ്രസിഡന്റ്)