കോട്ടയം:നഗരവാസികൾക്ക് ആശ്വാസമായി കൊടൂരാറ്റിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ കൊടൂരാറ്റിലെ ജലനിരപ്പ് കുറഞ്ഞതോടെ കോട്ടയം നഗരവാസികൾക്ക് ഇന്നലെ ആശ്വാസ ദിനമായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി തുടർച്ചയായി പെയ്ത മഴയിൽ കൊടൂരാറും സമീപത്തെ താഴ്ന്നപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ മഴ പെയ്യാത്തത് ജലനിരപ്പ് കുറയാൻ കാരണമായി.
നഗരത്തോട് ചേർന്ന് കിടക്കുന്ന കോടിമത, കാരാപ്പുഴ, പള്ളം, വാലെക്കടവ്, മുട്ടമ്പലം നിവാസികൾക്കാണ് വെള്ളമിറങ്ങിയത് ഏറെ ആശ്വാസമായത്. വീടുകളിലേക്കും റോഡിലേക്കും വെള്ളം എത്തിയിരുന്നു. കോടിമതയിലെ ജലഗതാഗത വകുപ്പിന്റെ സർവീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ഇന്നലെ രാവിലെ മുതൽ വെള്ളം ഇറങ്ങിത്തുടങ്ങി. കോടിമത ബോട്ട് ജെട്ടിയിൽ ബോട്ടെത്തുന്ന ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തിന് ശേഷം പോളയുടെ സാന്നിദ്ധ്യം ആറ്റിൽ കൂടിയതായി ബോട്ട് ജീവനക്കാർ പറഞ്ഞു. അതേസമയം പൂർണമായും വെള്ളം ഇറങ്ങിത്തീരാൻ ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. നഗരത്തിലെ തന്നെ ചുങ്കം, പഴയ സെമിനാരി, തിരുവാറ്റ ഭാഗങ്ങളിൽ നിന്നും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.