പാലാ: നഗരസഭാ ന്യായവില ഹോട്ടലിന് മുൻവശം റോഡിലുണ്ടായ ഗർത്തം നികത്തുന്നതിന് മുന്നോടിയായി വാട്ടർ അതോറിട്ടിയുടെ ഓടയിൽ നിന്നുള്ള വെള്ളം പി.ഡബ്ലി.യു.ഡി ഓടയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ജോലികൾ ആരംഭിച്ചു. കിഴതടിയൂർ ബാങ്കിന്റെ കവാടത്തോട് ചേർന്ന് പുതിയ ഉപറോഡിന് കുറുകെയാണ് പുതിയ ഓട നിർമ്മിക്കുന്നത്. പി.ഡബ്ലി.യു.ഡി മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഓട നിർമ്മാണം. വാട്ടർ അതോറിട്ടിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും ഒഴുകി വരുന്ന വെള്ളം കിഴതടിയൂർ ബാങ്കിന്റെ കവാടത്തിൽ നിന്ന് ന്യായവില ഹോട്ടലിന് അടിയിലൂടെയുള്ള വലിയ ഓടയിലൂടെയായിരുന്നു മീനച്ചിലാറ്റിലേക്ക് പതിച്ചിരുന്നത്. ഈ വലിയ ഓടയ്ക്ക് തകരാർ സംഭവിച്ചതോടെയാണ് റോഡിൽ ഗർത്തമുണ്ടായതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ഓട പുതുക്കി നിർമ്മിക്കണമെങ്കിൽ മാസങ്ങൾ വേണ്ടിവരും. മാത്രമല്ല പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ റോഡ് കുറുകെ മുറിക്കേണ്ടിയും വരും. ഇതാകട്ടെ ഏറെ തിരക്കേറിയ പാലാ നഗരത്തിൽ രൂക്ഷമായ ഗതാഗത തടസത്തിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് താത്ക്കാലിക പരിഹാരമായി പി.ഡബ്ലി.യു.ഡിയുടെ ഓടയോട് ചേർത്ത് വാട്ടർ അതോറട്ടിയുടെ ഓടയിൽ നിന്ന് വരുന്ന വെള്ളം കടത്തിവിടാൻ തീരുമാനിച്ചത്.
ചെലവ് രണ്ട് ലക്ഷം
പി.ഡബ്ലി.യു.ഡി മെയിന്റനൻസ് വിഭാഗം എക്‌സി. എൻജിനീയർ കെ.എം തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ ഓട നിർമ്മിക്കുന്നത്. ഇതിനായി കിഴതടിയൂർ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്കുള്ള ഉപറോഡ് കുറുകെ മുറിക്കേണ്ടി വരും. ഇന്നലെ റോഡിന്റെ ഒരുഭാഗം മുറിച്ച് ഓടയുടെ സംരക്ഷണഭിത്തി വാർക്കുന്ന പണികളാണ് നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ ഓട നിർമ്മിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിക്കുമെന്ന് എക്‌സി. എഞ്ചിനീയർ തോമസ് പറഞ്ഞു.