പാലാ : കേരളാ ബാങ്ക് കോട്ടയം ജില്ലയിലെ 135 പ്രാഥമിക സഹകരണ ബാങ്കുകളിൽ മികച്ച ബാങ്കുകൾക്ക് നൽകുന്ന എക്‌സലൻസ് അവാർഡ് വലവൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. മന്ത്രി വി.എൻ.വാസവനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളവും സെക്രട്ടറി കെ.കെ.ഗോപാലകൃഷ്ണൻ നായരും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് സ്വീകരിച്ചു. സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ നാഷണൽ ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ലിമിറ്റഡ് ഏർപ്പെടുത്തിയ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള സുഭാഷ് യാദവ് അവാർഡ് വലവൂർ ബാങ്കിന് ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള 2015-16 വർഷത്തെ ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സിന്റെ ദേശീയ അവാർഡ്, 2016-17 വർഷത്തെ ബെസ്റ്റ് കസ്റ്റമർ അക്ക്വിസിഷൻ, ബെസ്റ്റ് എച്ച്. ആർ പ്രാക്ടീസസ് എന്നീ വിഭാഗങ്ങളിലെ ദേശീയ അവാർഡുകൾ എന്നിവയും ബാങ്കിന് ലഭിച്ചിരുന്നു. ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിൽപ്പെടുന്ന ബാങ്കിന് 25000 അംഗങ്ങളും 8 ശാഖകളും ഉണ്ട്.