
ചങ്ങനാശേരി. എ.സി റോഡിലൂടെയുള്ള കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു. ആലപ്പുഴ, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, ചമ്പക്കുളം, പൂവം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള സർവീസുകളാണ് നിറുത്തിവച്ചിരുന്നത്. കിഴക്കൻ വെള്ളം ഇറങ്ങി തുടങ്ങിയതോടെ, ആലപ്പുഴ- ചങ്ങനാശേരി റോഡിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. എടത്വ, കിടങ്ങറ, കായങ്കരി റോഡ് സർവീസ് പുനരാരംഭിച്ചിട്ടില്ല. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കാവാലം, കൈനടി, കൃഷ്ണപുരം കാവാലം, വാലടി എന്നീ പടിഞ്ഞാറൻ സർവീസുകൾ നിർത്തിയിരുന്നില്ല. വരും ദിവസങ്ങളിൽ വെള്ളത്തിന്റെ തോത് താഴുന്നതിനനുസരിച്ച് നിലച്ച എല്ലാ സർവീസും പുനരാരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.