പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ ബൈലോ പ്രകാരം സെപ്തംബർ 1 മുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് ഇന്നലെ ചേർന്ന സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിൽ തീരുമാനമായി. നിയമാനുസൃതം പാസോ അനുമതിയോ ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. സ്റ്റേഡിയത്തിൽ കായിക പരിശീലനം, നടപ്പ് വ്യായാമം എന്നിവയ്ക്കായി എത്തുന്ന ആളുകൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. പാസ് പുതുക്കാത്തവർ സെപ്തംബർ 1ന് മുമ്പായി പാസ് പുതുക്കണം. ഡ്യൂട്ടി സമയങ്ങളിൽ സ്റ്റേഡിയം വാച്ചർമാർ കൃത്യമായും യൂണിഫോം ധരിച്ചിരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. സ്റ്റേഡിയത്തിൽ എല്ലാവരും പാലിക്കേണ്ട നിയമാവലി സംബന്ധിച്ച ബോർഡും ഉടൻ സ്ഥാപിക്കും.
സ്റ്റേഡിയത്തിൽ അടുത്തിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കായികതാരങ്ങളും നടപ്പുവ്യായാമത്തിന് എത്തുന്നവരും പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കാൻ മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചത്. ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കക്കണ്ടം, ഷാജു വി. തുരുത്തേൽ, ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, ലീന സണ്ണി പുരയിടം, ബിജി ജോജോ കുടക്കച്ചിറ, സാവിയോ കാവുകാട്ട്, മായ പ്രദീപ്, ജോസിൻ ബിനോ തുടങ്ങിയവർ പങ്കെടുത്തു.