vv

കോട്ടയം: സംസ്ഥാന സെന്ററിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോല്പിച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സമവായ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് നടന്ന മത്സത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ വി.കെ. സന്തോഷ് കുമാറിനെ എട്ട് വോട്ടുകൾക്കാണ് ബിനു തോൽപ്പിച്ചത്. ബിനുവിന് 29ഉം സന്തോഷ് കുമാറിന് 21വോട്ടും ലഭിച്ചു.

തുടക്കം മുതലുള്ള ചടർച്ചകളിൽ സെക്രട്ടറി സ്ഥാനത്തേക്ക് വി.കെ. സന്തോഷ് കുമാറിന്റെ പേരാണ് ഉണ്ടായിരുന്നത്. ബിനുവിന്റെ പേര് ഒരിടത്തും ഉയർന്നിരുന്നില്ല.

തിരഞ്ഞെടുപ്പിന്റെ സമയത്ത് സംസ്ഥാന സെന്റർ വി.കെ. സന്തോഷ് കുമാറിന്റെ പേര് നിർദ്ദേശിച്ചു. ഈ സമയത്താണ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലെ മുതിർന്ന നേതാവ് കെ.ഡി. വിശ്വനാഥനാണ് ബിനുവിന്റെ പേര് അപ്രതീക്ഷിതമായി നിർദ്ദേശിച്ചത്. കോട്ടയം മണ്ഡലത്തിൽ നിന്നുള്ള ടി.സി. ബിനോയി പിന്താങ്ങി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ലയിലെ മത്സരം ഒഴിവാക്കണമെന്നും ആരെങ്കിലും പിൻമാറണമെന്നുമുള്ള സംസ്ഥാന സെന്ററിന്റെ നിർദ്ദേശം ഇരുവരും തള്ളി. ഇതോടെ തർക്കം രൂക്ഷമായി. അഡ്വ. വി.ബി. ബിനുവിന്റെ ജനകീയത പാർട്ടിക്ക് കരുത്തേകുമെന്ന് ഒരുവിഭാഗം നിലപാടെടുത്തു. തുടർന്നാണ് രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടന്നത്. പാർട്ടി അംഗത്വം കൂടിയതോടെ ജില്ലാ കൗൺസിലിന്റെ എണ്ണം 43ൽ നിന്ന് 51 ഒന്നായി വർദ്ധിപ്പിച്ചു. കൗൺസിലിൽ പുതുതായി എത്തിയവരിൽ ഏറെയും വനിതകളും യുവാക്കളുമാണ്.