പൊൻകുന്നം:അച്ഛന്റെ തിരക്കഥയിൽ പത്താംക്ലാസുകാരിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. ചിറക്കടവ് എസ്.ആർ.വി.ഹൈസ്‌കൂളിൽ നിന്ന് പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ചിന്മയിയുടെ അച്ഛൻ സംവിധായകൻ കൂടിയായ അനിൽരാജാണ് ഒരുക്കിയത്.

സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന സിനിമയ്ക്ക് ക്ലാസ് ബൈ എ സോൾജിയർ എന്ന പേരാണ് നൽകിയത്. ചലച്ചിത്ര നടൻ ടി.പി.മാധവൻ, ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, നിർമ്മാതാവ് സാബു കുരുവിള, നായിക മീനാക്ഷി തുടങ്ങിയവർ ചേർന്ന് ലോഞ്ചിംഗ് നിർവഹിച്ചു.

വിജയ് യേശുദാസ് നായകനായി എത്തുന്ന ചിത്രത്തിൽ ഡ്രാക്കുള സുധീറും മീനാക്ഷിയും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.