കോട്ടയം: സൗമ്യൻ. ജനകീയൻ. മികച്ച സംഘാടകൻ. ഏത് വിശേഷണത്തിനും അർഹനാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.വി.ബി.ബിനു. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ജില്ലയിൽ പാർട്ടിയുടെ അമരത്തേയ്ക്ക് എത്തുമ്പോൾ തുണയായതും ഈ ജനകീയത തന്നെയാണ്.

അഡ്വ.വി.ബി.ബിനു മത്സരിക്കാൻ തീരുമാനിച്ചപ്പോഴും സമവായ ചർച്ചകൾക്കൊടുവിൽ പിൻമാറുമെന്നായിയിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, മത്സര രംഗത്തേയ്ക്ക് കടന്നാൽ ബിനു ജയിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അറിയപ്പെടുന്ന നേതാവിട്ടും സി.കെ.ശശിധരന്റെ പിൻഗാമിയായി ബിനുവിന്റെ പേര് ഉയരാതിരിക്കാൻ എതിർപക്ഷം നന്നായി ശ്രദ്ധിച്ചു. വി.കെ.സന്തോഷ് കുമാർ, അല്ലെങ്കിൽ ഒ.പി.എ.സലാം എന്നിവരുടെ പേരാണ് ഉയർന്നത്. സന്തോഷിന്റെ പേരിന് ബദലായി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ബിനുവിന്റെ പേര് നിർദേശിച്ചത് ജനകീയതയാണ് ഉയർത്തിക്കാട്ടിയാണ്. അപ്രതീക്ഷിതമായി ബിനുവിന്റെ പേര് ഉയർന്നതോടെ നേതൃത്വം വെട്ടിലായി. തുടർന്നു ചർച്ചകളും സമവായ നീക്കങ്ങളുമായി ഒരു മണിക്കൂറിലേറെ മുന്നോട്ടു പോയതിനു ശേഷമാണ് തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയത്.

 കോട്ടയത്തിന്റെ സാംസ്കാരിക മുഖം

പാർട്ടിക്കപ്പുറം വ്യക്തിബന്ധമുള്ള അഡ്വ.വി.ബി.ബിനു മികച്ച അഭിഭാഷകനും സാംസ്കാരിക മുഖവുമാണ്.

സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തുവന്ന ബിനു എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനയുഗം സി.എം.ഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, വേൾഡ് പീസ് കൗൺസിലിന്റെ കേരള ഘടകമായ ഐപ്‌സോയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2006-2011 കാലഘട്ടത്തിൽ ഓയിൽപാം ഇന്ത്യയുടെ ചെയർമാനായിരുന്നു. കോട്ടയം തിരുവാതുക്കൽ ചൈതന്യയിൽ താമസം.