
കോട്ടയം. കർക്കടകമാസത്തിൽ മനുഷ്യർക്കൊപ്പം ആനകൾക്കും സുഖചികിത്സ. ഉത്സവകാലം അവസാനിച്ചതോടെ ആനകൾക്കിത് വിശ്രമകാലം കൂടിയാണ്. ക്ഷീണിച്ച ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനാണ് ഈ ഘട്ടത്തിൽ സുഖചികിത്സ നടത്തുന്നത്. കൊവിഡ് കാലത്ത് ഉത്സവങ്ങളോ എഴുന്നള്ളിപ്പോ തടി പിടിത്തമോ ഇല്ലായിരുന്നു. നടത്തുക പോലം ചെയ്യാതെ മിക്ക ആനകളും ചങ്ങലയിൽ തളച്ചിട്ട അവസ്ഥയിൽ ആയിരുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിരവധി ആനകൾ ഇരണ്ടകെട്ടും ബാധിച്ചും മറ്റ് അസുഖങ്ങളാലും ചെരിഞ്ഞു. വരവ് കുറവും ചെലവ് കൂടുതലുമായത് പരിചരണത്തെയും ബാധിച്ച സാഹചര്യത്തിലാണ് കർക്കടക ചികിൽസ ചെയ്യാൻ ഉടമകൾ നിർബന്ധിതരായത് .
ചികിത്സാ രീതിയിൽ പ്രധാനം സാധാരണ കൊടുക്കാറുള്ളതിനെക്കാൾ കൂടുതൽ ആഹാരം നൽകുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ്. കർക്കടകത്തിന് മുമ്പ് വിര ഇളക്കാനുള്ള മരുന്നുനൽകി ആനകളെ ചികിത്സയ്ക്ക് സജ്ജരാക്കും. പ്രകൃതിദത്തമായ മരുന്നുകളും ആയുർവേദ ഔഷധക്കൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുക. ദഹന വർദ്ധനയ്ക്ക് പ്രധാനമായി നൽകുന്നത് അഷ്ടചൂർണമാണ്. പ്രായമേറിയ ആനകൾക്ക് വാതചികിൽസയും ഇതോടൊപ്പം നടത്തും.
സാധാരണ നൽകാറുള്ള തെങ്ങോല, പനംപട്ട എന്നിവയ്ക്ക് പുറമെ ഉച്ചയ്ക്ക് മൂന്നു കിലോ അരിയുടെ ചോറും ഒരു കിലോ ചെറുപയർ അല്ലെങ്കിൽ മുതിര ആണ് നൽകുക. രാവിലെ ഈന്തപ്പഴവും അവിലും. ഒരു ആനയ്ക്ക് പ്രതിദിനം 6000 രൂപ ചെലവ് വരും എല്ലാ ദിവസവും രാവിലെ വിസ്തരിച്ചുള്ള തേച്ചുകുളി ചികിത്സയുടെ ഭാഗമാണ്. ഇപ്പോൾ അലോപ്പതിയും ആയുർവേദവും ഇടകലർത്തിയുള്ള ചികിത്സയും നൽകാറുണ്ട് .
ആനയ്ക്ക് പ്രതിദിനം ചെലവ് 6000 രൂപ.
സുഖചികിത്സാ വിഭവങ്ങൾ.
അരി, ചെറുപയർ, മുതിര, റാഗി, അഷ്ടചൂർണ്ണം, ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്കോഫെറോൾ, മിനറൽ മിക്‌സ്ചർ, ധാതുലവണങ്ങൾ.