പാലാ: വാട്ടർ അതോറിറ്റിയുടെ പുത്തൻപള്ളിക്കുന്നിലെ ട്രീറ്റ്‌മെന്റ് പ്ലാറ്റിൽ നിന്നും പുറന്തള്ളുന്ന വെള്ളം ഒഴുകുന്ന ഓട കൈയേറിയത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.
ട്രീറ്റ്‌മെന്റ് പ്ലാറ്റിൽ നിന്നുള്ള വെള്ളം കിഴതടിയൂർ ബാങ്കിന്റെ വശത്തുള്ള ഓടയിൽ കൂടി ഒഴുകി നഗരസഭയുടെ ന്യായവില ഹോട്ടലിന് അടിയിലുള്ള വലിയ ഓടയിലൂടെ ഒഴുകിയാണ് മീനച്ചിലാറ്റിലേക്ക് പതിയ്ക്കുന്നത്. എന്നാൽ ബാങ്കിന്റെ പ്രവേശന കവാടത്തിന്റെ വശത്തുള്ള ഓടയിലേക്ക് ഇറങ്ങുന്ന സ്ഥലം സ്വകാര്യ വ്യക്തി ഗേറ്റ് വച്ച് പൂട്ടിയിട്ടതായി സ്ഥലം സന്ദർശിച്ച നഗരസഭ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്വകാര്യവ്യക്തി ഗേറ്റ് സ്ഥാപിച്ച് കൈയേറ്റം നടത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി വ്യക്തമാക്കി. ഓട കൈയേറ്റം സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഓട കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു. പ്രൊഫ. സതീശ് ചൊള്ളാനിക്കൊപ്പം പ്രിൻസ് വി.സി, ജിമ്മി ജോസഫ്, മായ രാഹുൽ, സിജി ടോണി, ആനി ബിജോയി, ലിജി ബിജു എന്നിവരുമാണ് സ്ഥലം സന്ദർശിച്ചത്.