പാലാ: ജനറൽ ആശുപത്രിയുടെ പിൻഭാഗത്തുള്ള ചുറ്റുമതിൽ ഇടിഞ്ഞു വീണു. കാലപ്പഴക്കം കൊണ്ട് മതിൽ ജീർണ്ണിച്ച നിലയിലായിരുന്നു.
ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിനു പിൻഭാഗത്തെ മതിലാണ് മഴയെ തുടർന്ന് ഇന്നലെ രാവിലെ നിലംപൊത്തിയത്. മുനിസിപ്പൽ റോഡിനോട് ചേർന്ന ഭാഗത്ത് വീണ അവശിഷ്ടങ്ങൾ വാഹനഗതാഗതത്തെയും ബാധിച്ചു. മതിലിന്റെ അവശേഷിക്കുന്ന ഭാഗവും ഏതുനിമിഷവും വീഴാവുന്ന നിലയിലാണ്. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും നഗരസഭാ സ്ഥിരംസമിതി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, കൗൺസിലർ ബിജി ജോജോ, ആർ.എം.ഒ ഡോ. അരുൺ എന്നിവരും സ്ഥലം സന്ദർശിച്ചു.
ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിന് പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.