
കോട്ടയം: പക്ഷിപ്പനി മൂലമുണ്ടായ ദുരിതത്തിൽ നിന്നും കരകയറുന്നതിനിടെ വെള്ളപ്പൊക്കവും തീറ്റയുടെ വില വർദ്ധനവും മുട്ടത്താറാവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. നിലവിൽ താറാവുകൾ മുട്ടയിടുന്ന സമയമാണിത്. എന്നാൽ, വെള്ളപ്പൊക്കം വന്നതോടെ മുട്ട കാര്യമായി കിട്ടുന്നില്ല. 2000ത്തിലേറെ താറാവുള്ള കർഷകർക്ക് ഇവയുടെ തീറ്റയ്ക്കായി വലിയൊരു തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. കോഴിത്തീറ്റ, പൊടിമത്സ്യം, അരി എന്നിവയാണ് പ്രധാന തീറ്റ. കോഴിത്തീറ്റ കിലോയ്ക്ക് 11 രൂപയായിരുന്നത് 22 രൂപയായി. പൊടിമത്സ്യം 55 ൽ നിന്ന് 140 രൂപയും അരി 22 രൂപയിൽ നിന്ന് 55 രൂപയുമായി. കാലടി, വെച്ചൂർ എന്നിവിടങ്ങളിലെ മില്ലുകളിൽ നിന്നാണ് അരിയെത്തിക്കുന്നത്.
ഒരു താറാവുകുഞ്ഞിന് 23 രൂപയാണ്. മുൻപ് 8 രൂപയായിരുന്നു. ഹരിപ്പാട് ഹാച്ചറിൽ നിന്നാണ് കൂടുതലായും ഇവയെത്തിക്കുന്നത്. ചെമ്പല്ലി, ചാരം എന്നീ ഇനത്തിലുള്ള കുട്ടനാടൻ താറാവുകളെയാണ് ജില്ലയിലെ കർഷകർ വാങ്ങുന്നത്. നിരണത്തും സർക്കാർ ഫാം ഉണ്ടെങ്കിലും കുറച്ചു കുഞ്ഞുങ്ങളേ അവിടെനിന്ന് ലഭിക്കൂവെന്ന് കർഷകർ പറയുന്നു.
ഇറക്കുമതി താറാവുകൾ വിപണി കീഴടക്കുന്നതും നാടൻ താറാവ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രാ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും ആറണി ഇനത്തിലുള്ള താറാവുകളും മുട്ടകളും വിപണിയിൽ എത്തുന്നു. ഇവയ്ക്ക് വില കുറവാണ്.
വായ്പയെടുത്താണ് മിക്ക കർഷകർ താറാവ് കൃഷി ആരംഭിക്കുന്നത്. അതിനിടെ പക്ഷിപ്പനി വ്യാപിച്ചാൽ എല്ലാം തകരാറിലാവും. പക്ഷിപ്പനി മൂലം കൊല്ലുന്ന താറാവുകൾക്ക് 200 രൂപയേ സർക്കാർ നൽകൂ.
നാടൻതാറാവ് 300 രൂപ.
വരവ് താറാവ് 160 രൂപ.
നാടൻ മുട്ടയ്ക്ക് 10 രൂപ.
വരവ് മുട്ടയ്ക്ക് 6 രൂപ.
കർഷകനായ മദനൻ വെച്ചൂർ പറയുന്നു.
30 വർഷമായി താറാവ് കൃഷി രംഗത്തുണ്ട്. മുൻപ് 70 ഓളം കർഷകരുണ്ടായിരുന്ന വെച്ചൂർപ്രദേശത്ത് നിലവിൽ വിരലിൽ എണ്ണാവുന്നവരേയുള്ളൂ.