
കുമരകം : കുമരകം ബോട്ടുജെട്ടിയിലെ ഒാട്ടോ സ്റ്റാൻഡിന് എതിൽവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ്
യുവാവ് മരിച്ചു. കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനും, ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയിൽ ജോളി ഐപ്പിന്റെ മകനുമായ അമൽ കെ ജോളി (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്നേകാലോടെയാണ് അപകടം. സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവുമായി ലോഡ്ജിന്റെ ടെറസിലേയ്ക്ക് എത്തിയതാണ് അമൽ. ഈ സമയം താഴത്തെ ശബ്ദം കേട്ട് എത്തി നോക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന 11 കെ. വി ലൈനിൽ നിന്ന് ഷോക്കേറ്റ് അപകടം സംഭവിച്ചതാകാമെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വ്യക്തത വരുത്താനാകൂവെന്ന് കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ് പറഞ്ഞു.