
മുണ്ടക്കയം. മുണ്ടക്കയത്തിന്റെ മലയോര മേഖലകളിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും വ്യാപകമായി. തമിഴ്നാട്ടിൽ നിന്ന് മുണ്ടക്കയം വഴിയാണ് ഇവ മുഖ്യമായും മറ്റിടങ്ങളിലേയ്ക്ക് കടന്നു പോകുന്നതും. മദ്ധ്യകേരളത്തിൽ എവിടേയ്ക്കും സാധനങ്ങൾ എത്തിക്കാം എന്നതുകൊണ്ടുതന്നെയാണ് ലഹരി കടുത്തു സംഘങ്ങൾ ഈ മേഖല ഇടത്താവളമായി തെരഞ്ഞെടുക്കുന്നത്. ഇത് മനസിലാക്കി മുൻവർഷങ്ങളിൽ മുണ്ടക്കയം ബസ്റ്റാൻഡ് അടക്കമുള്ള പ്രദേശങ്ങളിലും വാഹനങ്ങളിലും വ്യാപക പരിശോധന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി പരിശോധന പൂർണമായും നിലച്ച അവസ്ഥയിലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പിടിക്കപ്പെടുന്ന കഞ്ചാവ് കേസുകൾ മുണ്ടക്കയം വഴി കടന്നുപോയതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകാറുണ്ട്. പേരിന് ഒന്നോ രണ്ടോ കേസുകൾ രജിസ്റ്റർ ചെയ്യുക മാത്രമാണ് എക്സൈസ് വകുപ്പ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
ഓണം പ്രമാണിച്ച് സ്പെഷ്യൽ ഡ്രൈവ് ഉണ്ടെന്ന് എക്സൈസ് പറയുമ്പോഴും ഇതുവരെയും തുടങ്ങിയിട്ടില്ല. മതിയായ ജീവനക്കാർ ഇല്ലാത്തതിനാലാണ് കാര്യമായ പരിശോധന നടത്താത്തതെന്നാണ് അവർ പറയുന്നത്. തങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ പരിശോധനകൾ നടത്താറുണ്ടെന്നും വിശദീകരിക്കുന്നു.
സ്ഥലവാസിയായ വിജയപ്പൻ പറയുന്നു.
മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയാണ്. പെട്ടിക്കടകളിൽ വരെ ഇവ ലഭിക്കും. ചില സ്ഥലങ്ങളിൽ രഹസ്യമായാണ് വിൽക്കുന്നതെങ്കിൽ ചില സ്ഥാപനങ്ങൾ യാതൊരു മറയും കൂടാതെ കച്ചവടം ചെയ്യുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.