കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായാൽ കുടുംബത്തോടൊപ്പമെത്തി സമാധാനപരമായി പ്രതിരോധിക്കുമെന്ന് വ്യാപാരികൾ. ഇന്ന് രാവിലെ 11നാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുക. നടപടിക്കെതിരെ വ്യാപാരികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനം എത്തുംവരെ നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്നാണ് ആവശ്യം. ഓണക്കാലത്തെ കച്ചവടമാണ് എല്ലാവരുടെയും പ്രതീക്ഷ. നഗരസഭയുടെ നടപടിയിൽ 45ഓളം ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബങ്ങളും വഴിയാധാരമാകും. നാല് ബ്ലോക്കുകളായി പണിത കോംപ്ലക്സിന്റെ എ ബ്ലോക്കിന് 63 വർഷത്തെ പഴക്കമാണുള്ളത്. കോടതി ഉത്തരവിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടം ബലപ്പെടുത്തിയാൽ മതിയെന്ന് പറയുന്നു. എന്നാൽ, ഇത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കാനുള്ള നഗരസഭാ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മർച്ചന്റസ് അസോസിയേഷൻ പ്രസിഡൻ്റ് എം. കെ ഖാദർ, തോമസ് എ. എ, ബി രവി, ബൈജു, പി. ബി ഗിരീഷ്, അബൂബക്കർ, മാത്യു നൈനാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.