തിരക്കേറിയ വഴിയരികിലിട്ട് തടി ലോഡിംഗ്, വ്യാപക പരാതി

കടനാട്: തടികയറ്റാൻ വേറെ സ്ഥലം ഇല്ലേ...? കടനാടുകാരെ ഇങ്ങനെ മെനക്കെടുത്തല്ലേ... തിരക്കേറിയ വഴിയരികിലിട്ട് തടി ലോഡിംഗ് നടത്തുന്നതിനെതിരെ പരാതി വ്യാപകമാവുകയാണ്. തടി ലോഡിംഗ് മൂലം റോഡിൽ ചെളി നിറയുന്നതായും തടി കഷണങ്ങൾ നിരന്നുകിടക്കുന്നതായും പരാതിയിൽ പറയുന്നു. കൊല്ലപ്പള്ളി കടനാട് റൂട്ടിലാണ് യാത്രക്കാരെ വലയ്ക്കുന്ന ഈ തടിലോഡിംഗ്. റോഡിൽ ചെളി നിറഞ്ഞതിനാൽ പല ഇരുചക്രവാഹന യാത്രക്കാരും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരും തെന്നിവീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവാകുന്നത്. മുമ്പ് പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. തടി ലോഡിംഗിനുവേണ്ടി മൈതാനം പോലുള്ള ഏതെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകണമെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ മാത്രം അഞ്ചിടങ്ങളിൽ

കൊല്ലപ്പള്ളി കടനാട് പിഴക് റോഡിൽ ഇന്നലെ മാത്രം അഞ്ചു സ്ഥലങ്ങളിൽ റോഡരുകിൽ തടി ലോഡിംഗ് നടന്നു. അടുത്ത കാലത്ത് ബി എം ബി സി നിലവാരത്തിൽ നിർമ്മിച്ച റോഡാണിത്. കടനാട് ഭാഗത്തും റോഡരികിൽ തടി ലോഡിംഗ് നടക്കുന്നുണ്ട്. തുടക്കത്തിൽ വല്യാത്തിനും പിഴക് പാലത്തിനുമിടയിലുള്ള സ്ഥലത്ത് മാത്രമായിരുന്നു തടി ലോഡിംഗ്. ഇപ്പോൾ പുളിഞ്ചുവട് കവല മുതൽ പിഴക് പാലം വരെയുള്ള വിവിധ സ്ഥലങ്ങളിൽ ലോഡിംഗ് നടക്കുന്നുണ്ട്.