
പാലാ . ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനൊരുങ്ങുന്ന വേളയിൽ മദ്ധ്യതിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരചരിത്രവുമായി
സ്വാതന്ത്ര്യ സമരസേനാനിയുടെ മകൻ. ലോക്‌സഭ അംഗവും നിയമസഭ സ്പീക്കറും പാലാ നഗരസഭയുടെ പ്രഥമ ചെയർമാനുമായിരുന്ന ആർ.വി. തോമസിന്റെ മകൻ ഡോ. ആർ.വി.ജോസാണ് പൊരുതി നേടിയ സ്വാതന്ത്ര്യം എന്ന ഗ്രന്ഥം രചിച്ചത്. ഇതിന്റെ പ്രകാശനവും സ്വാതന്ത്ര്യദിന പുലരിയിൽ നടക്കും. കോട്ടയം, പാലാ മേഖലകളിലെ 350 ഓളം സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥത്തിന് അഞ്ച് ഭാഗങ്ങളുണ്ട്. മഹാൻമാരായ സ്വാതന്ത്ര്യ സമര നേതാക്കളും നായകരും പ്രവർത്തകരുമായിരുന്ന സമകാലീനർ ആരുംത ഇന്ന് ജീവിച്ചിരിപ്പില്ല. തലമുറകൾ മാഞ്ഞ് പോകുകയും അവരുടെ ഓർമ്മകൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓർമ്മകളുടെ വിടവ് നികത്തുന്നതിനാണ് ചരിത്രത്തിന്റെ ഏടുകൾ വീണ്ടും പുനരാവിഷ്‌കരിക്കുന്നതെന്ന് ജോസ് പറഞ്ഞു. പാലായിൽ നടക്കുന്ന ലളിതമായ സമ്മേളനത്തിൽ നൂറോളം സ്വതന്ത്ര്യസമര ഭടൻമാരുടെ അടുത്ത ബന്ധുക്കൾ സമ്മേളിക്കുന്ന വേദിയിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഗുരുശ്രേഷ്ഠൻ.
കോളേജ് അദ്ധ്യാപന രംഗത്ത് നാല് പതിറ്റാണ്ടും ഗവഷേണ രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെയും പ്രവർത്തന പരിചയമുള്ള ഗുരുശ്രേഷ്ഠനാണ് ജോസ്.
കോട്ടയം സി.എം.എസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവകുപ്പ് മേധാവിയായാണ് വിരമിച്ചത്. ഇപ്പോൾ കോട്ടയം ഗുഡ്‌ഷെപ്പേർഡ് കോളേജിന്റെ ചെയർമാൻ, ആർ വി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ : റിട്ടയർ പ്രൊഫസർ അൽഫോൻസാ ജോസ്. തോമസ് ആർ.വി. ജോസ്, ജേക്കബ് ആർ.വി. ജോസ് എന്നിവർ മക്കളും, കരോളിൻ തോമസ്, ശ്രീയ ജേക്കബ് എന്നിവർ മരുമക്കളുമാണ്.