വൈക്കം : ഒരു മഴയേ വേണ്ടൂ. പിന്നെ കാര്യങ്ങൾ കുഴഞ്ഞുമറിയും. മഴയിൽ തലയാഴം പഞ്ചായത്ത് ഒമ്പതാം വാർഡിലെ കളത്തിൽ മഞ്ചക്കരി റോഡിന്റെ അവസ്ഥ അതിദയനീയമെന്ന് പറയാം. മഴയിൽ റോഡ് വെള്ളത്തിൽ മുങ്ങും. പിന്നെ ചെളി നിറഞ്ഞ റോഡിലൂടെ യാത്ര ദുഷ്‌കരമാകും. കളത്തിൽ മഞ്ചക്കരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഏറെ കാലമായി റോഡ് സഞ്ചാരയോഗ്യമല്ല. നൂറു കണക്കിന് വിദ്യാർത്ഥികളുടെയും പ്രദേശത്തെ കർഷകരുടെയും കോളനി നിവാസികൾക്കും ഏക യാത്രാമാർഗമാണ് ഈ റോഡ്. മഴയിൽ ഇരുവശങ്ങളിലുമുള്ള പാടങ്ങളിൽ വെള്ളം നിറഞ്ഞാൽ റോഡും മുങ്ങും എന്നതാണ് നിലവിലെ അവസ്ഥ. റോഡിലെ വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. റോഡ് ഉയർത്തി പുനർനിർമ്മിച്ചാൽ ഇതിന് പരിഹാരമാകും. റോഡിന് സമീപമുള്ള വീടുകളിലും മഴക്കാലത്ത് പതിവായി വെള്ളം കയറും. റോഡിനു കുറുകെ കലുങ്ക് നിർമിച്ചാൽപ്രദേശത്തെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ കാൽനടക്കാർ തെന്നി വീഴുന്നതും പതിവാണ്.
നിവേദനം നൽകി
റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ്സ് (എം ) മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി തോമസ് ചാഴികാടൻ എം.പിക്ക് മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടിപറമ്പലിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ബിജു പറപ്പള്ളി, യുത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് റോജൻ പട്ടേരി, വാർഡ് പ്രസിഡന്റ് പ്രദീപ് കുമാർ തുടങ്ങിയവർ ചേർന്ന് നിവേദനം നൽകി.