ചങ്ങനാശേരി : അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടി മന്ദിരം ഗവൺമെന്റ് ആശുപത്രി. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സചിവോത്തമപുരം സാമൂഹ്യആരോഗ്യകേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് ഒരുവർഷമായിട്ടും പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടില്ല. കോട്ടയത്തിനും ചങ്ങനാശേരിയ്ക്കും ഇടയ്ക്കുള്ള ഒരേയൊരു ആശുപത്രിയാണിത്. സംസ്ഥാനത്ത് ഏറ്റവും അധികം റോഡപകടങ്ങൾ നടക്കുന്ന പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തുരുത്തിയ്ക്കും പുത്തൻപാലത്തിനും ഇടയ്ക്ക് എം.സി റോഡിൽ അടുത്തകാലത്തായി നിരവധി അപകടങ്ങളാണ് ഉണ്ടായത്. കുറിച്ചി, ചിങ്ങവനം, പനച്ചിക്കാട്, നാട്ടകം, നീലംപേരൂർ, വാഴപ്പള്ളി, കാവാലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധിപ്പേരാണ് ഇവിടയെത്തുന്നത്. കിഫ്ബിയുടെ സഹായത്തോടെ 1.7 കോടി രൂപയുടെ എം.എൽ.എ ഫണ്ടാണ് അനുവദിച്ചിരുന്നത്. 72 സെന്റ് ആശുപത്രിയ്ക്കുള്ളത്. പ്രീഫാബ്രിക്കേറ്റഡ് രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 52 ബെഡുകൾ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥാനത്ത് പുതിയതായി വരുന്ന ബിൽഡിംഗിൽ ആകെ പത്ത് ബെഡുകൾക്കുള്ള സൗകര്യമേയൂള്ളൂ.
ജീവനക്കാർക്ക് ക്വാർട്ടേഴ്സുമില്ല
ഡയാലിസിസ് സെന്റർ കൂടാതെ എക്‌സ്‌റേ, മെഡിക്കൽ ലാബ്, സ്‌കാനിംഗ് സെന്റർ, ലേബർ റൂം, ഇന്റൻസീവ് കെയർ യൂണിറ്റ്, കാന്റീൻ, മിനി ഓപ്പറേഷൻ തിയേറ്റർ, ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ വേണം. പ്രീഫാബ്രിക്കേറ്റഡ് രീതിയിൽ ഒറ്റനിലയിൽ കെട്ടിടം പണിതാൽ ഭാവിയിൽ യാതൊരു വികസനപ്രവർത്തനങ്ങളും നടത്താൻ കഴിയാതെ സ്ഥലം പാഴാകും. നിലവിൽ സി.എച്ച്.സിയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല. 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം വേണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ക്വാർട്ടേഴ്‌സ് ഇല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്ക് ദുരിതമാണ്.
ഐ.സി.യു, ട്രോമാകെയർ സെന്റർ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായി ബഹുനിലകെട്ടിടം നിർമ്മിക്കാനുള്ള പരിശ്രമമാണ് മന്ദിരം ആശുപത്രിയിൽ നടത്തേണ്ടത്.
ഇത്തിത്താനം വികസനസമിതി യോഗം