milk

കോട്ടയം . ക്ഷീരസംഘങ്ങളിൽ പാൽ കൊടുക്കുന്ന കർഷകന് നൽകിവന്നിരുന്ന ഇൻസന്റീവ് മുടങ്ങിയ നിലയിൽ. തദ്ദേശസ്ഥാപനങ്ങൾ വഴി ഒരു ലിറ്റർ പാലിന് 4 രൂപ നിരക്കിലായിരുന്നു ഇൻസന്റീവ്. എന്നാൽ, 14 ാം പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയിൽ ഇൻസന്റീവ് തുക 3 രൂപയായി വെട്ടിക്കുറച്ചു. തുടർന്ന്, ക്ഷീരകർഷന് ലഭിക്കുന്ന ഇൻസന്റീവ് വെട്ടിക്കുറച്ചത് സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായി. പിന്നീട്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പ്രശ്‌നത്തിന് പരിഹാരമായി ആഗസ്റ്റ് മാസം മുതൽ മുഴുവൻ ക്ഷീരകർഷകർക്കും 4 രൂപ നിരക്കിൽ ഇൻസന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ക്ഷീരകർഷകരെല്ലാം 4 രൂപ ഇൻസന്റീവ് കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഇതുവരെ ഇൻസന്റീവ് തുക എത്തിയിട്ടില്ല. മാത്രമല്ല ഇൻസന്റീവ് കൊടുക്കണമെങ്കിൽ പാൽ ഉത്പാദന സംഘങ്ങളിൽനിന്ന് പാൽ അളക്കുന്ന കർഷകന്റെ വിവരങ്ങൾ ശേഖരിക്കണം. ഇതിന്റെ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

ക്ഷീരസെൽ ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

ക്ഷീരകർഷകരെ വഞ്ചിക്കുന്ന പ്രസ്താവനായാണ് മന്ത്രി നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇൻസന്റീവ് 6 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകന് ഗുണം ചെയ്യൂ.