മുണ്ടക്കയം: മഴ കുറഞ്ഞതോടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചുവിട്ടു. കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്കൂൾ, ഏന്തയാർ ജെ ജെ മർഫി സ്കൂൾ, കാവാലി പാരിഷ്ഹാൾ എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന മൂന്ന് ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. ഇവിടുള്ളവർ അവരവരുടെ വീടുകളിലേയ്ക്ക് തന്നെ മടങ്ങി. നേരത്തെ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതോടെയാണ് ദുരന്തസാധ്യത മേഖലകളിലുള്ളവരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്. മഴ മുന്നറിയിപ്പ് പിൻവലിച്ചതോടെ ഫയർഫോഴ്സിന്റെ പ്രത്യേകസംഘവും മുണ്ടക്കയത്ത് നിന്ന് മടങ്ങി. എന്നാൽ എൻ.ഡി.ആർ.ഫിന്റെ സംഘം മുണ്ടക്കയത്ത് തുടരുകയാണ്. ഇരുപത്തഞ്ചംഗ സംഘമാണ് മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ ക്യാമ്പ് ചെയ്യുന്നത്. കളക്ടറുടെ സന്ദേശം ലഭിച്ച ശേഷം മാത്രമാകും ഇവരുടെ മടക്കം.