മുണ്ടക്കയം : ഹൈറേഞ്ചിന്റെ മെഡിക്കൽ കോളേജ് എന്നറിയപ്പെടുന്ന മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ജീവനക്കാരുടെ അനാസ്ഥ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം ഹൃദ്രോഗിയായ ഒരാൾ ഒ.പിയിലെത്തി ഡോക്ടറെ കണ്ട് മരുന്നു കുറിപ്പിച്ചെങ്കിലും താമസിച്ചെന്ന കാരണത്താൽ ഫാർമസിസ്റ്റ് മരുന്നു നൽകാൻ തയ്യാറായില്ല. ഉച്ചകഴിഞ്ഞ് ജീവിത ശൈലി വിഭാഗം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ഡോക്ടർ കുറിച്ചാലും മരുന്നു തരാനാവില്ലെന്നുമയിരുന്നു ഫാർമസിസ്റ്റിന്റെ വാദം. പിന്നീട് മരുന്നു നൽകാൻ ഡോക്ടറും , ചില ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. കൂടാതെ കഴിഞ്ഞ ദിവസം ഒരു രോഗിയ്ക്ക് നഴ്സ് ചികിത്സ നിഷേധിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയെത്തിയ വരിക്കാനി സ്വദേശിയായ യുവാവിനോടു അപമര്യാദയായി പെരുമാറിയതു സംബന്ധിച്ചു ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യവുമായി ത്രിതല പഞ്ചായത്തുകളും ആശുപത്രി വികസന സമിതിയും ശ്രമം നടത്തുന്നതിനിടയാണ് ചിലർ ആശുപത്രിയെ തകർക്കാൻ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മന്ത്രി വീണജോർജ് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിൽസ ആരംഭിക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നാൽ ഇത് ചില ജീവനക്കാർക്ക് തൃപ്തികരമായിട്ടില്ല.
ഡ്യൂട്ടിയെടുത്ത് മുങ്ങും സംഘടനാപ്രവർത്തനത്തിന്
ഡ്യൂട്ടിക്കെത്തുന്ന ചില ജീവനക്കാർ സംഘടനാപ്രവർത്തനത്തിന്റെ പേരിൽ മുങ്ങുന്നതും മുണ്ടക്കയം സർക്കാരാശുപത്രിയുടെ പതിവ് കാഴ്ചയാണ്. ഇവരിൽ ചിലർ മേലുദ്യോഗസ്ഥരോട് പോലും തട്ടിക്കയറുന്നതും പതിവായിരിക്കുകയാണ്. ആശുപത്രിയുടെപ്രവർത്തനത്തെ തകർക്കാൻ ചില ജീവനക്കാർ സ്വകാര്യ മരുന്നു ലോബികളുടെ ദല്ലാളായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.